കണ്ണൂർ: പാർട്ടിക്കകത്തും പുറത്തുമുള്ള പോരാട്ടങ്ങളിലൂടെയാണ് പി.രാമകൃഷ്ണൻ എന്ന കോൺഗ്രസ് നേതാവ് ശ്രദ്ധാകേന്ദ്രമാകുന്നത്. തന്റേതായ നിലപാടുകളിലൂടെ മുന്നേറിയ ഈ പടയാളിയെ പലപ്പോഴും അംഗീകരിക്കാൻ നേതാക്കൾക്കും പ്രവർത്തകർക്കും മടിയായിരുന്നു. അപ്പോഴും പിആർ കുലുങ്ങിയില്ല. ആ പോരാട്ടവീര്യം പാരന്പര്യവും ജന്മസിദ്ധവുമായിരുന്നു.
ഹരിജൻ വിദ്യാർഥികളെ സ്കൂൾ പ്രവേശിപ്പിക്കുന്നത് എതിർത്ത ചിറക്കൽ തന്പുരാനെതിരെ പോരാട്ടം നടത്തിയ വ്യക്തിയായിരുന്നു പി.രാമകൃഷ്ണന്റെ പിതാവ് ആർ.കുഞ്ഞിരാമൻ മാസ്റ്റർ. കോൺഗ്രസിൽ വിപ്ലവമുണ്ടാക്കിയ വ്യക്തിയായിരുന്നു ജ്യേഷ്ഠനും മുൻ എംഎൽഎയുമായ പി.ഗോപാലൻ. പി.രാമകൃഷ്ണൻ ജനിക്കുന്പോൾ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് ജ്യേഷ്ഠൻ ജയിലിലായിരുന്നു.
ഇവർ തമ്മിൽ 20 വയസിന്റെ പ്രായ വ്യത്യാസമുണ്ട്. എസ്എസ്എൽസിക്ക് പഠിക്കുന്പോൾ സ്കൂളിൽ നിന്ന് പുറത്തായി പി.രാമകൃഷ്ണൻ പിന്നെ, ഇലക്ട്രിക്കൽ ആൻഡ് ഗ്യാസ് വെൽഡിംഗ് കോഴ്സ് പഠിച്ച് പാപ്പിനിശേരിയിൽ ഒരു കന്പനിയിൽ ജോലിക്ക് ചേർന്നു. ഇതിനിടെ ഗൾഫിൽ നിന്ന് ജോലിയുടെ ഓഫർ വന്നെങ്കിലും ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങി.
പ്രതികരണത്തിന്റെ പേരിൽ പലവട്ടം കോൺഗ്രസിൽ നിന്ന് പലവട്ടം സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എൻ.രാമകൃഷ്ണൻ ഡിസിസി പ്രസിഡന്റായിരിക്കെ തലശേരി യൂത്ത് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെതിരേ പ്രതികരിച്ചതിനെ തുടർന്നായിരുന്നു ആദ്യ നടപടി.
സമരം ചെയ്ത രാമകൃഷ്ണനെ സസ്പെൻഡ് ചെയ്തു. ഈ ഇടവേളയിലാണ് പടയാളി പത്രമുണ്ടായത്. എം.കെ.ശ്രീധരൻ രജിസ്റ്റർ ചെയ്തിരുന്ന പടയാളി എന്ന പേരിലുള്ള പത്രം പിആർ വിലയ്ക്കുവാങ്ങുകയായിരുന്നു. അഴീക്കോട് കുടുംബസ്വത്തായുണ്ടായിരുന്ന 21 സെന്റ് സ്ഥലം അതു വിറ്റാണ് പ്രസ് വാങ്ങിയത്.
ആഭ്യന്തരമന്ത്രി കെ.കരുണാകരന് തുറന്ന കത്തെഴുതിയതിനെ തുടർന്നായിരുന്നു രണ്ടാമത്തെ നടപടി.കാസർഗോഡ് ഒരു പൊതുയോഗം കഴിഞ്ഞ് കണ്ണൂരിൽ എത്തിയതായിരുന്നു പിആർ. അന്ന് തളാപ്പ് ക്ഷേത്രത്തിൽ എസ്.ജാനകിയുടെ ഗാനമേളയുണ്ടായിരുന്നു.
അതുകഴിഞ്ഞ് മടങ്ങുന്നവരോടൊപ്പം നാട്ടിലേക്കുള്ള അവസാന ബസിൽ പിആറും കയറി. അമിതഭാരം കയറ്റിയെന്ന് പറഞ്ഞ് പോലീസ് ബസ് പിടിച്ചു. യാത്രക്കാരുമായി സ്റ്റേഷനിലേക്ക് വിടാൻ എസ്ഐയുടെ നിർദേശം. എതിർത്ത പി.രാമകൃഷ്ണന് ക്രൂരമർദനം.
അതുസംബന്ധിച്ചാണ് അന്നത്തെ ആഭ്യന്തരമന്ത്രി കെ.കരുണാകരന് കത്തെഴുതിയത്. ഈ കത്ത് എം.വി.രാഘവൻ നിയമസഭയിൽ വായിച്ചതോടെ വിവാദമായി.ഡിസിസി അംഗമായിരുന്ന പിആറിനെ സസ്പെൻഷൻ. ജില്ലാ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ നടത്തിയ അഴിമതിയുടെ കഥ പടയാളി പത്രത്തിൽ പ്രസിദ്ധീകരിച്ചതിനായിരുന്നു മൂന്നാമത്തെ സസ്പെൻഷൻ. അന്ന് കെ.സുധാകരനായിരുന്നു ഡിസിസി പ്രസിഡന്റ്.