കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിന്റെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാകാൻ വേണ്ടിയാണ് ഭരിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ. കണ്ണൂരിലെ പാറപ്രത്ത് ജന്മം കൊണ്ട കമ്യൂണിസ്റ്റ് പ്രസ്ഥാനം പിണറായി ഭരണത്തോടെ പശ്ചിമബംഗാളിന്റെ അവസ്ഥയിൽ എത്തിച്ചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഴീക്കോട് നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലാട് നടന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എസ്എൽസി ചോദ്യപേപ്പർ കുംഭകോണത്തിൽ അകപ്പെട്ട വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കുക, ജിഷ്ണു പ്രണോയിയുടെ ഘാതകരെ മുഴുവൻ അറസ്റ്റ്ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധജ്വാല സംഘടിപ്പിച്ചത്.
കെപിസിസി എക്സിക്യുട്ടിവ് അംഗം എം.പി. മുരളി അധ്യക്ഷത വഹിച്ചു. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുൾ റഷീദ്, രജിത് നാറാത്ത്, കെ. ബാലകൃഷ്ണൻ, എം.പി. വേലായുധൻ, ടി. ജയകൃഷ്ണൻ, കൂക്കിരി രാഗേഷ്, ഷറഫുദ്ദീൻ കാട്ടാന്പള്ളി, കെ. ജെമിനി, രൂപേഷ് ചാലാട്, കല്ലിക്കോടൻ രാഗേഷ്, ടി.കെ. അജിത്ത് എന്നിവർ പ്രസംഗിച്ചു.