കരുനാഗപ്പള്ളി : സഹിഷ്ണുതയുടെ സംസ്കാരം നിലനിർത്തുന്നതിനും നാടിന്റെ സാംസ്കാരിക സവിശേഷതകൾ വിളംബരം ചെയ്യാനും കഴിയുന്ന വിളക്കുകളാണ് ഗ്രന്ഥശാലകളെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
തൊടിയൂർ അരമത്തുമഠം പി ഉണ്ണികൃഷ്ണപിള്ള ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യശരീരത്തെ കീഴ്പ്പെടുത്തുന്ന മറവിരോഗത്തെക്കാൾ ഭയാനകമാണ് സമൂഹത്തെ ബാധിക്കുന്ന സാംസ്കാരിക മറവിരോഗം. ഈ രോഗബാധയാൽ ഓർമകൾ നശിച്ച് ചരിത്രബോധം ഇല്ലാതായ ഒരു സമൂഹത്തെ ആർക്കും എളുപ്പത്തിൽ കീഴ്പ്പെടുത്താനാകും.
അടുത്ത കാലത്തായി കേരളം കണ്ട വാട്സ് ആപ്പ് ഹർത്താൽ ഇത്തരം ഒരു കീഴ്പ്പെടുത്തലായിരുന്നു. ഓർമകളുടെ സാന്നിധ്യം ആവശ്യമില്ലാതെ അന്നന്നത്തെ അന്നം മാത്രം കണ്ട് വാർത്തകളുടെ ഒഴുക്കിന്റെ പിന്നാലെ പായുകയാണ് സമൂഹം. മാധ്യമങ്ങൾ വാർത്തകൾക്കപ്പുറം അവയിലെ കഥാ മൂല്യത്തിനാണ് പ്രാധാന്യം നൽകുന്നത്. ഇത്തരം സമൂഹത്തിൽ വിളക്കുകളായി മാറുകയാണ് ഗ്രന്ഥശാലകൾ. അറിവിന്റെ ലോകങ്ങളിലേക്കുള്ള യാത്രയാണ് പുസ്തകങ്ങൾ പകർന്നു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രന്ഥശാലാ പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ അധ്യക്ഷനായി. പി ഉണ്ണികൃഷ്ണപിള്ളയുടെ പേരിലുള്ള പ്രഥമ പുരസ്കാരം തൊടിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ ഗോപാലന് ആർ രാമചന്ദ്രൻ എം എൽ എ നൽകി. കവി പി കെ ഗോപി സാംസ്കാരിക പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഗ്രന്ഥശാലാ പ്രഖ്യാപനം നടത്തി.
ഗ്രന്ഥശാല സെക്രട്ടറി അനിൽ ആർ പാലവിള, കെ സി രാജൻ, എൻ പരമേശ്വരൻ പോറ്റി, മാലുമേൽ സുനിൽ, എം എ സലാം, പദ്മകുമാർ നെടുമ്പ്രത്ത്, ആർ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. യോഗത്തിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും നടന്നു.