കോഴിക്കോട് : വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനത്തിനെത്തിയ പി.ശങ്കരന് മടങ്ങുന്നത് കര്മശ്രേഷ്ഠനായി. കെ.സാദിരിക്കോയ കര്‍മശ്രേഷ്ഠ പുരസ്കാരം മുല്ലപ്പള്ളിയില്‍ നിന്ന് ഏറ്റുവാങ്ങാനാണ് ഡിസംബറില്‍ ഒടുവിലായി അദ്ദേഹം പൊതു വേദിയിലെത്തിയത്. പിന്നീട് അദ്ദേഹം പൂര്‍ണമായും വിശ്രമത്തിലായി.
കെഎസ്യുവിലൂടെ പൊതുരംഗത്ത് എത്തുന്നതിനുംമുന്പ് ജ്യേഷ്ഠസഹോദരന് കെ. രാഘവന് നാട്ടിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു.
സഹോദരനെ കണ്ടുകൊണ്ട് രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ ശങ്കരന്റെ രാഷ്ട്രീയത്തിലെ ആദ്യഗുരുവും പേരാമ്പ്ര നിയോജകമണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഘവനായിരുന്നു.
പേരാമ്പ്രക്കാരനായ മുന്‍മന്ത്രിയും കെപിസിസി ആക്ടിംഗ് പ്രസിഡന്റുമായിരുന്ന ഡോ. കെ.ജി. അടിയോടിയുമായുള്ള ബന്ധവും ശങ്കരന്റെ രാഷ്ട്രീയവളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങിയ ശങ്കരന് തുടക്കംമുതല്‍ കെ.കരുണാകരനോടായിരുന്നു ആരാധന. കെഎസ്യുവിലെ പ്രധാനനേതാക്കളെല്ലാം എ.കെ. ആന്റണി പക്ഷത്തായതുകൊണ്ട് ശങ്കരന് ഐ ഗ്രൂപ്പിന്റെ മലബാറിലെ പ്രമുഖനേതാവായി.
തൃശൂര്‍ കേരളവര്‍മ കോളജില്‍ എംഎയ്ക്ക് പഠിക്കുന്നതിനിടെയാണ് കോളജ് യൂണിയന് ചെയര്‍മാനായത്. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് നടന്ന ആദ്യ വിദ്യാര്‍ഥിപ്രതിനിധി തിരഞ്ഞെടുപ്പില്‍ ഐ വിഭാഗം ശങ്കരനെ സ്ഥാനാര്‍ഥിയാക്കി.
എ. സുജനപാലായിരുന്നു എ വിഭാഗത്തിന്റെ സ്ഥാനാര്‍ഥി. സമവായമുണ്ടാക്കാന്‍ കെഎസ്യു പ്രസിഡന്റായിരുന്ന വി.എം. സുധീരന് നടത്തിയ ശ്രമം പരാജയപ്പെട്ടു. വോട്ടെടുപ്പില്‍ എ. സുജനപാലിനെയും എസ്എഫ്ഐയിലെ എ.കെ. ബാലനെയും തോല്‍പ്പിച്ച് ശങ്കരന് സിന്‍ഡിക്കേറ്റിലേക്ക് ജയിച്ചു.
വിദ്യാര്‍ഥിനേതാവെന്ന നിലയില്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഇത് സഹായകരമായി. പിന്നീട് യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായും അദ്ദേഹം പ്രവര്‍ത്തിച്ചു.
കെ. മുരളീധരന് തൃശൂരില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴാണ് 1998 ല്‍ കോഴിക്കോട്ട് മത്സരിക്കാനുള്ള അവസരം ശങ്കരനെ തേടിയെത്തിയത്. എംപിയായി ഒന്നരവര്‍ഷം പൂര്‍ത്തിയാവുംമുമ്പേ പാര്‍ലമെന്റ് പിരിച്ചുവിട്ടു.
കോണ്‍ഗ്രസിലെ പൊതുമാനദണ്ഡംവച്ച് വീണ്ടും ശങ്കരന് കോഴിക്കോട് സീറ്റ് ലഭിക്കുന്നതിന് തടസമുണ്ടായിരുന്നില്ല. തൃശൂരില്‍ പരാജയപ്പെട്ട മുരളീധരനെ വീണ്ടും കോഴിക്കോട്ട് മത്സരിപ്പിക്കണമെന്ന ആഗ്രഹം ലീഡര്‍ അടുത്തവരെ അറിയിച്ചു.
എങ്കിലും ലിസ്റ്റില്‍ കോഴിക്കോട്ട് ശങ്കരന്റേതായിരുന്നു ആദ്യത്തെ പേര്. എന്നാല്‍ ലീഡറുടെ മനസറിഞ്ഞ ശങ്കരന് മത്സരിക്കാനില്ലെന്ന നിലപാട് നേതൃത്വത്തെ അറിയിച്ചു.
പിന്നീട് 2001 ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ ശങ്കരനെ മത്സരിപ്പിച്ച് ലീഡര്‍ ഇതിന് പരിഹാരംചെയ്തു. അന്ന് ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പ് മന്ത്രിയായി ശങ്കരനെ നിയോഗിച്ചത് ലീഡര്‍ തന്നെയായിരുന്നു.