പാലക്കാട്: ഏറ്റവും യോഗ്യനായ ഏറ്റവും അർഹതയുള്ള നല്ല ചെറുപ്പക്കാൻ. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. പി. സരിനെ പുകഴ്ത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ജനങ്ങളുടെ വേദനകള് നേരിട്ട് കണ്ട് മനസിലാക്കി ആശ്വാസമേകാന് സരിനാകും.
സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും രാജിവച്ചു. പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്റെ സ്ഥാനാർഥിത്വമെന്നും ഇ.പി കൂട്ടിച്ചേർത്തു.
ആത്മകഥയിൽ സരിനെക്കുറിച്ച് മോശം പരാമർശമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇ.പി രംഗത്തെത്തിയത്. സരിൻ ആദ്യം സ്വീകരിച്ചത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നില്ല. എന്നാല്, അദ്ദേഹത്തിന്റേത് ഇടതുപക്ഷ മനസായിരുന്നുവെന്നും ഇ.പി പറഞ്ഞു.
കർഷക കുടുംബത്തിൽ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി, എംബിബിഎസിന് ശേഷം സിവിൽ സർവീസ് ആഗ്രഹിച്ചു. ഉയർന്ന തസ്തികയിൽ ജോലി ചെയ്തു. അദ്ദേഹം അപ്പോഴും ജനങ്ങൾക്ക് ഒപ്പമായിരുന്നു. കൃഷിക്കാർക്കും തൊഴിലാളികൾക്കും ഒപ്പമായിരുന്നു. ഏത് രംഗത്തും പണമുണ്ടാക്കാനുള്ള സാഹചര്യമുള്ള ഉന്നതനായ ഒരു വ്യക്തി അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് അപൂർവമാണ്.
അദ്ദേഹം വിശ്വസിച്ച കോൺഗ്രസ് പാർട്ടിയിൽനിന്ന് സത്യസന്ധതയും നീതിയും ലഭിക്കുന്നില്ലെന്ന് ബോധ്യമായി. കോണ്ഗ്രസ് വര്ഗീയ ശക്തികളുമായി കൂട്ടുചേരുകയാണ്. വ്യക്തിതാത്പര്യങ്ങള്ക്ക് വേണ്ടി കോണ്ഗ്രസ് നേതാക്കള് പ്രവര്ത്തിക്കുന്നു. ഇത്തരം പ്രവണതകളിലുണ്ടായ വിയോജിപ്പിനാലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്ട്ടിയിലേക്കെത്തുന്നത്. അദ്ദേഹം ജയിക്കേണ്ടത് പാലക്കാടിന്റെ ആവശ്യമാണെന്നും ഇ.പി. കൂട്ടിച്ചേർത്തു.