സ്വന്തം ലേഖകൻ
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജൻ ചുമതലയേൽക്കും. നിലവിലെ ജില്ലാ സെക്രട്ടറി പി. ജയരാജൻ വടകര ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായതോടെയാണ് എം.വി. ജയരാജൻ ചുമതലയേൽക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ് എം.വി. ജയരാജൻ. ഇതു സംബന്ധിച്ച് നിർണായക തീരുമാനം എടുക്കുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി ഇന്നു ചേരുന്നുണ്ട്.
അച്ചടക്ക നടപടിക്കുശേഷം പാർട്ടിയിലേക്ക് തിരിച്ചെത്തിയ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ശശിയെ ഇന്നു ചേരുന്ന ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി. ശശിയെ ജില്ലാ കമ്മിറ്റിയെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയോട് ആഴ്ചകൾക്കു മുന്പ് അനുമതി തേടിയിരുന്നു. നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
പെരുമാറ്റദൂഷ്യ ആരോപണത്തിന്റെ പേരിൽ 2011 ലാണ് പി. ശശിയെ മാറ്റി പി. ജയരാജൻ ജില്ലാ സെക്രട്ടറിയാവുന്നത്. 2011 ജൂലൈയിൽ ശശിയെ പുറത്താക്കി. സിപിഎമ്മിൽ രൂക്ഷമായി വിഭാഗീയത നിലനിന്ന സാഹചര്യം കൂടിയായിരുന്നു അത്.
ശശിക്കെതിരേ ക്രൈം പത്രാധിപർ ടി.പി. നന്ദകുമാർ നൽകിയ കേസിൽ 2016 ൽ അദ്ദേഹം കുറ്റവിമുക്തനായി. തുടർന്ന് അദ്ദേഹത്തെ തലശേരി കോടതി അഭിഭാഷക ബ്രാഞ്ചിൽ ഉൾപ്പെടുത്തി. അഭിഭാഷകരുടെ സംഘടനയായ ഡെമോക്രാറ്റിക് ലോയേഴ്സ് യൂണിയന്റെ ജില്ലാ പ്രസിഡന്റുമായി പാർട്ടിയിൽ നിന്നു പുറത്തായശേഷം അഭിഭാഷകൻ എന്ന നിലയിൽ പാർട്ടിയുടെ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തു. ഗ്ലോബൽ ലോയേഴ്സ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിനും നേതൃത്വം നൽകി.
ഇതിനിടെ എം.വി. ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് പി.ശശിയെ പരിഗണിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. ഇ.കെ. നായനാർ മുഖ്യമന്ത്രിയായപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയായിരുന്നു.