പറവൂർ: അതിജീവിതകളെ അപമാനിക്കുന്ന തരത്തിൽ വാർത്തകൾ നൽകുന്നത് അവരുടെ ഭാവി ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി.
അതിജീവിതകൾക്ക് പരിരക്ഷയും ആത്മവിശ്വാസവും നൽകാൻ പൊതുസമൂഹം തയാറാകണം. പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയായ യുവതിയെ പറവൂരിലെ വസതിയിൽ പി. സതീദേവി സന്ദർശിച്ചു.
അതിജീവിതകൾക്ക് സംരക്ഷണം നൽകുന്നതിനു പകരം മാനസികമായി തളർത്തി ജീവിതം തകർക്കുന്ന അവസ്ഥ ഉണ്ടാകരുത്. പൊതുസമൂഹത്തിന്റെ ജാഗ്രത ഇക്കാര്യത്തിൽ പ്രധാനമാണ്. പോലീസിനെയും നിയമ സംവിധാനങ്ങളെയും വെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയും കുടുംബവും പറയുന്ന കാര്യങ്ങൾ ചാനലുകളിൽ വലിയ വാർത്തയാക്കുന്നത് ശരിയല്ല. പെൺകുട്ടിക്ക് മാനസികമായി വളരെ പ്രയാസമുണ്ടാക്കുന്ന തെറ്റായ വാർത്തകളും വന്നുകൊണ്ടിരിക്കുന്നു. കേസിന്റെ തുടരന്വേഷണത്തെ വരെ ഇത് തെറ്റായി ബാധിക്കും.
ശാരീരിക പീഡനത്തിന് ശേഷം പെൺകുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഭർത്താവിന് കൂട്ടുനിന്നത് പുരുഷ സുഹൃത്താണ്. പുരുഷ സുഹൃത്ത് രാത്രി സമയത്ത് ആ വീട്ടിൽ താമസിച്ച സാഹചര്യം പരിശോധിക്കണം. വിവാഹ ശേഷം പെൺകുട്ടിക്ക് സ്വന്തം വീട്ടുകാരോട് മൊബൈൽ ഫോണിൽ സംസാരിക്കാൻ പോലും അനുദമുണ്ടായിരുന്നില്ല.
അടുത്തകാലത്തായി വിദ്യാസമ്പന്നരായ പെൺകുട്ടികൾക്കു നേരേയാണ് ഇത്തരം പീഡനങ്ങൾ ഉണ്ടാകുന്നതെന്നും സതീദേവി പറഞ്ഞു. വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ആവശ്യമായ കൗൺസലിംഗ് സൗകര്യം വീട്ടിൽ തന്നെ ഒരുക്കിനൽകാൻ നിർദേശിച്ചതനുസരിച്ച് യുവതിക്ക് കൗൺസലിംഗ് നൽകിത്തുടങ്ങി.