മലയാളികളുടെ പ്രിയ കായികതാരം പിടി ഉഷയുടെ ജീവിതം സിനിമയാകുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ സ്പ്രിന്റ് ഇതിഹാസം പി.ടി ഉഷയുടെ സിനിമ ഹിന്ദി, മലയാളം, ഇംഗ്ലീഷ് മറ്റ് ഇന്ത്യന്‍ ഭാഷകളിലുമായി 100 കോടി രൂപാ ചെലവിലാണ് അണിഞ്ഞൊരുങ്ങുന്നുത്. ഇടിക്കൂട്ടിലെ പുലിക്കുട്ടി മേരികോമായി വെള്ളിത്തിരയില്‍ നിറഞ്ഞാടിയ പ്രിയങ്ക ചോപ്ര തന്നെയാണ് പി ടി ഉഷയായും ട്രാക്കിലെത്തുന്നത്. പി.ടി. ഉഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകയായ രേവതി വര്‍മ്മയാണ്.
എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് പയ്യന്നൂര്‍ സ്വദേശി ഡോ. സജീഷ് സര്‍ഗം തിരക്കഥ ഒരുക്കുന്നു. നൂറു കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ്. ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ സെക്കന്‍ഡില്‍ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിന് വെങ്കല മെഡല്‍ നഷ്ടപ്പെട്ട ഉഷ ഇന്ത്യയ്ക്കു വേണ്ടി ട്രാക്കില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മെഡല്‍ നേടുന്ന വനിതാ താരമാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മാത്രം അഞ്ച് സ്വര്‍ണ്ണവും ഒരു വെങ്കലവും, ഏഷ്യന്‍ ഗെയിംസില്‍ നാലു സ്വര്‍ണ്ണവും, ഒരു വെള്ളിയും ഉഷ നേടിയിട്ടുണ്ട്.