എംജെ ശ്രീജിത്ത്
തിരുവനന്തപുരം: കോവിഡ്19ന്റെ പശ്ചാത്തലത്തിൽ എപിഎൽ/ ബിപിഎൽ വിഭാഗങ്ങൾക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരു മാസത്തെ സൗജന്യ റേഷന്റെ വിതരണം ഏപ്രിൽ ഒന്നുമുതൽ വിതരണം ചെയ്യും.
ഈ മാസത്തെ റേഷൻ വിതരണം 60 ശതമാനം പൂർത്തിയായ സാഹചര്യത്തിൽ ഈ മാസം വിതരണം ചെയ്യുന്ന കാര്യത്തിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ രാഷ്ട്രദീപികയോട് പറഞ്ഞു.
കോവിഡിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ റേഷൻകടകളിലെ ഇലക്ട്രോണിക് മെഷിനുകളിൽ വിരലടയാളം പതിച്ച് റേഷൻ വാങ്ങുന്നത് ഒഴിവാക്കിയിരുന്നു.
ഇതു തുടരും. റേഷൻകടകളിലെ ക്യൂ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സാനിറ്റൈസറും സോപ്പും വയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താൻ റേഷൻ കട ഉടമകൾക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
സൗജന്യ റേഷനുള്ള അരി ഉൾപ്പടെയുള്ള സാധനങ്ങൾ 20 ശതമാനത്തോളം എത്തിച്ചു കഴിഞ്ഞു. ബാക്കിയുള്ളവയ്ക്കുള്ള ഓർഡർ നൽകിയിട്ടുണ്ട്. അതു ഉടനെ ലഭിക്കും.
ഏപ്രിൽ ഒന്നിനു തന്നെ സൗജന്യ റേഷൻ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ ധ്രുതഗതിയിൽ തന്നെ പുരോഗമിക്കുന്നതായും മന്ത്രി പി.തിലോത്തമൻ പറഞ്ഞു.
കോറോണ ഭീതിയിൽ കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം കടന്നുപോകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇന്നലെ 20000 കോടിയുടെ സാന്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.
ഈ പാക്കേജിൽ ഉൾപ്പെടുത്തിയാണ് എപിഎൽ/ ബിപിഎൽ വിഭാഗത്തിലെ എല്ലാപേർക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം സൗജന്യമായി പ്രഖ്യാപിച്ചത്.
ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ ശേഷമാണ് പാക്കേജിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി സൗജന്യ റേഷൻ പ്രഖ്യാപിച്ചത്.