ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് മലയാളികളുടെ പ്രിയ താരം പി യു ചിത്രയെ ഒഴിവാക്കിയ വാര്‍ത്ത ഇപ്പോള്‍ മലയാളികളുടെ മനസ്സില്‍ നൊമ്പരമായി മാറിയിരിക്കുകയാണ്. ചിത്രയെ ഉയര്‍ത്തേണ്ടവര്‍ തന്നെ തഴഞ്ഞു എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് ചിത്രയുടെ മാതാപിതാക്കള്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആളുകളുടെ മനസിനെ കുത്തിനോവിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ പാവപ്പെട്ടവരാണ്, കൂലിപ്പണിക്കാരാണ്. അതുകൊണ്ടാവാം ഒരു പക്ഷേ ഞങ്ങളുടെ മോളെ അവര്‍ തഴഞ്ഞത്. സങ്കടമുണ്ട്. പക്ഷേ ആരോടുപറയാന്‍. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ചിത്രയെ ഒഴിവാക്കിയതറിഞ്ഞപ്പോള്‍ ഞാനും അവളുടെ അമ്മ വസന്തകുമാരിയും കരഞ്ഞു.
രാവിലെ മോള്‍ വിളിച്ചിരുന്നു. അവള്‍ക്ക് സങ്കടമുണ്ട്. കരയേണ്ടന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ചിത്രയുടെ പിതാവ് പറയുന്നു. ‘കഴിവില്ലാത്തതിനാലാണെങ്കില്‍ അതുപറയാമായിരുന്നു. ഇന്ത്യയ്ക്ക് സ്വര്‍ണം വാങ്ങിക്കൊടുത്തതല്ലേ… അതെന്താ ആരും ഓര്‍ക്കാത്തത്’ ചിത്രയുടെ അച്ഛന് ചോദിക്കാനുള്ളതിതാണ്. പാലക്കാട് മുണ്ടൂരിലെ ഒരു വീടിന്റെ കെട്ടുപണിയിലായിരുന്നു ചിത്രയുടെ മാതാപിതാക്കള്‍. ‘പണിക്കുപോയില്ലെങ്കില്‍ വീട് പട്ടിണിയിലാകും. എല്ലാത്തരം കൂലിപ്പണിയും ചെയ്യും. രാവിലെ നാലുമണിക്ക് എണീറ്റ് മോള്‍ക്ക് ഭക്ഷണമുണ്ടാക്കി ആറുമണിയാകുമ്പോഴേക്ക് സ്‌കൂളിലേക്ക് വിടും. സ്‌കൂള്‍മൈതാനത്ത് ഓടാന്‍പോകുന്ന കുട്ടി അതുവഴി കോളേജിലുംപോയി വൈകീട്ടാണ് മടങ്ങിയെത്തുക. കഷ്ടപ്പെട്ട് വളര്‍ത്തിയതാ. അവള്‍ ലോകമീറ്റില്‍ മെഡല്‍ നേടുമെന്ന് സ്വപ്നംകണ്ടതാണ് ഈ നാട്ടുകാര്‍. ആര്‍ക്കുവേണ്ടിയാ അവളെ ഒഴിവാക്കിയത്?’ വിതുമ്പിക്കൊണ്ട് ചിത്രയുടെ മാതാപിതാക്കള്‍ ചോദിക്കുന്നു.