റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ ബാഡ്മിന്റണ്‍ താരമാണ് പി.വി സിന്ധു.ഈ വെള്ളി മെഡലിന്റെ ക്രെഡിറ്റ് സിന്ധു സമ്മാനിച്ചത് പരിശീലകനായ പുല്ലേല ഗോപിചന്ദിനാണ്. സിന്ധുവിനെ ഒരു ലോകോത്തര കായികതാരമാക്കുന്നതില്‍ ഗോപിചന്ദ് വഹിച്ച പങ്ക് ചെറുതല്ല.
ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ ബാഡ്മിന്റണ്‍ താരം തന്റെ പരിശീലകനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്… ആദ്യമായി ഫുട്ബോള്‍ ഗ്രൗണ്ടിലെത്തി പന്ത് അടിച്ച ആ നിമിഷം പുറകില്‍ നിന്ന് ആ ശബ്ദം കേട്ടു. പന്ത് അവിടെ ഇട്ട് ഓടിക്കോളാന്‍ പറഞ്ഞു. അടുത്ത മുക്കാല്‍ മണിക്കൂറും പന്തില്‍ ഒന്ന് തൊടാന്‍ പോലും സമ്മതിക്കാതെ ഓടിത്തളര്‍ന്നു. അവസാനം താന്‍ പന്തടിക്കുന്നതു കണ്ട് പറഞ്ഞു. ഇങ്ങനെ പന്തടിച്ചാല്‍ ജീവിതത്തിലൊരിക്കലും നന്നാകില്ലെന്ന് മുഖത്ത് നോക്കി പറയുകയും ചെയ്തു. അതായിരുന്നു തന്റെ പരിശീലകന്‍ എന്ന് സിന്ധു ലോകത്തോട് പറയുന്നു.
ആ മനുഷ്യന്റെ കണ്‍മുമ്പില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ താന്‍ എപ്പോഴും ആഗ്രഹിച്ചെന്നും സിന്ധു പറയുന്നു. എത്രമാത്രം വെറുപ്പാണെന്ന് അയാളോട് പറയണമെന്ന് വിചാരിച്ചിരുന്നെങ്കിലും അതിനു കഴിഞ്ഞില്ലയെന്ന് സിന്ധു പറയുന്നു. മികച്ച പരിശീലകന്‍ ഒരിക്കലും നിങ്ങളുടെ സുഹൃത്താകില്ലെന്ന് സിന്ധു തുറന്നു പറയുന്നു. ശല്യമായി, വെറുപ്പായി ഓരോ നിമിഷവും നിങ്ങള്‍ ചെയ്യുന്നതെല്ലാം ചോദ്യം ചെയ്തുകൊണ്ട് അയാള്‍ നിങ്ങള്‍ക്ക് പിറകെ ഉണ്ടാകും.
കഴിഞ്ഞ അധ്യാപക ദിനത്തില്‍ സിന്ധു പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് പോലും വിലക്കിയും, ഇഷ്ടപ്പെട്ട ഐസ്‌ക്രീം കഴിക്കാന്‍ അനുവദിക്കാതെയും ദ്രോഹിച്ച പരിശീലകനാണ് ഗോപിചന്ദ് എന്ന് സിന്ധു വെളിപ്പെടുത്തി. കര്‍ക്കശമായി പെരുമാറിയും ഉയരങ്ങള്‍ കീഴടക്കാന്‍ പ്രേരിപ്പിച്ചും ശിഷ്യരുടെ ഉറക്കം കെടുത്തിയ എല്ലാ പരിശീലകര്‍ക്കുമുള്ള ആദരവാണ് വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.