പാരസെറ്റാമോള്‍ 500 എന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന ഗുളികയില്‍ മാരക വൈറസുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. കണ്ടവര്‍ കണ്ടവര്‍ ആ വാര്‍ത്ത വസ്തുതയൊന്നും അന്വേഷിക്കാതെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുകയും ചെയ്തു. മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ ഇത് ഷെയര്‍ ചെയ്യണമെന്ന രീതിയിലുള്ള പ്രചാരണം വാട്ട്സാപ്പില്‍ കൂടിയായിരുന്നു കൂടുതല്‍. ഇതിന്റെ സത്യാവസ്ഥ മനസിലാക്കാതെയായിരുന്നു മിക്കവരും ഈ വാര്‍ത്ത ഷെയര്‍ ചെയ്തത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയിലെ പൊള്ളത്തരം തുറന്നുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് മലയാളി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. ഇംഗ്ലീഷിലെ ഹോക്സ് മെസേജുകള്‍ മലയാളത്തിലാക്കി ഫോര്‍വേര്‍ഡ് ചെയ്യ്തതാണ് വാര്‍ത്തയെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നെല്‍സന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…
ആളെ വേണ്ടത്ര പരിചയമില്ല എന്ന് തോന്നുന്നു? ഭീകരനാണിവന്‍ കൊടും ഭീകരന്. ആധുനിക വൈദ്യശാസ്ത്രത്തിലെ ലോകപ്രസിദ്ധമായ മൂന്ന് അപകടങ്ങളില്‍ മെയിന്‍ അപകടം ഇവന്റെയാ, ഈ നില്ക്കുന്ന പാരസെറ്റമോളിന്റെ. ഈ ചിത്രത്തില്‍ കാണുന്ന ഫോട്ടോയും മെസ്സേജും വാട്ട്സാപ്പില്‍ വൈറലാണ്. നാലു വരിയില്‍ നാല് അക്ഷരത്തെറ്റ് വരുത്തിയയാള്‍ ഗൂഗിള്‍ എന്ന ഒരു നൂതന സാങ്കേതികവിദ്യയെക്കുറിച്ച് കേള്‍ക്കാന്‍ സാദ്ധ്യത ഇല്ലാത്തതുകൊണ്ട് നോം തന്നെ ഒന്ന് പരതി. കാര്യം മനസിലായി. പരോപകാരിയായ സാമൂഹ്യദ്രോഹികളുടെ ലേറ്റസ്റ്റ് ട്രെന്‍ഡിന്റെ ഭാഗം തന്നെ ഇതും. ഇംഗ്ലീഷിലെ ഹോക്സ് മെസേജുകള്‍ മലയാളത്തിലാക്കി ഫോര്‍വേര്‍ഡ് ചെയ്യുക. ഒറിജിനല്‍ മെസേജാണ് ചിത്രത്തില്‍ താഴെ കൊടുത്തിരിക്കുന്നത്. ‘ മാരകമായ ‘ , ‘ മരണനിരക്ക് ‘ ‘ജനങ്ങള്‍ ‘ ഒക്കെ ലത് പോലെ തന്നെ ഉണ്ട്. വൈറസിന്റെ പേരു വായിക്കാന്‍ അറിയാത്തതുകൊണ്ടായിരിക്കും അത് ഇല്ല. ‘ considered one of the most dangerous viruses in the world ട്രാന്‍സ്ലേറ്റ് ചെയ്ത് വന്നപ്പൊ (തിലകന്) ലോകപ്രസിദ്ധമായ അപകടമായെന്ന് മാത്രം. ഇട്ടവനെ നാട്ടുകാര്‍ തല്ലിക്കൊല്ലാന്‍ നോക്കിയതുകൊണ്ടാണോ യെന്തോ അവസാനം ജീവന് രക്ഷിക്കണമെന്ന് എഴുതി വച്ചിട്ടുണ്ട്.
ആദ്യം മെസ്സേജിനെക്കുറിച്ച് : ആളത്ര നിസാരക്കാരനല്ല. അല്പസ്വല്പം സേര്‍ച്ച് ചെയ്തതില്‍ നിന്ന് മനസിലായത് മലേഷ്യന്‍ ഡിപ്പ്പാര്ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ ജനറല്‍ ഒഫീഷ്യല്‍ സ്റ്റേറ്റ്മെന്റ് ഇറക്കുന്നത് വരെ എത്തിച്ച മെസ്സേജാണിതെന്നാണ്. പാരസെറ്റമോള്‍ ഒരു വരണ്ട ഗുളിക ആണെന്നും അത് വഴി വൈറസ് പകരുമെന്ന വിവരം അടിസ്ഥാനരഹിതമാണെന്നും അതുകൊണ്ട് മരുന്ന് കഴിക്കുന്നതിന് ഭയക്കേണ്ടതില്ലെന്നും health director-general datuk dr neoor hisham abdullah ന്റെ പത്രക്കുറിപ്പില്‍ പറയുന്നു. ഇനി മരുന്നിനെക്കുറിച്ച് : വെടക്ക് ചികില്‍സകര്‍ തൊട്ട് ആക്രമിക്കുന്ന താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ , സര്‍വസാധാരണമായി ഉപയോഗിക്കുന്ന മരുന്നാണു പാരസെറ്റമോള്‍. കാന്‍സര്‍ രോഗികള്‍ക്ക് തൊട്ട് തൂക്കം കണക്കാക്കി ഡോസ് നിര്‍ണയിച്ച് കൊച്ച് കുഞ്ഞുങ്ങള്‍ക്ക് വരെ കൊടുക്കുന്ന ഒരു മരുന്ന്. അത് തന്നെയാണു മരുന്നിനെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്ന കാരണവും.
സിസ്പ്ലാറ്റിനില് ഒരു വൈറസ് അടങ്ങിയിട്ടുണ്ടെന്ന് പറയുന്നതാണോ പാരസെറ്റമോളില്‍ വൈറസ് അടങ്ങിയിട്ടുണ്ടെന്ന് പറയുന്നതാണോ വൈറലാകുന്നത്? ഉത്തരം സിമ്പിള്‍ ല്ലേ…വൈറസിനെക്കുറിച്ച് രണ്ട് വാക്ക് പറഞ്ഞ് അവസാനിപ്പിക്കാം. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ വിവരങ്ങളാണിവ. അരീന വൈറിഡേ എന്ന കുടുംബത്തിലെ 1963ല്‍ കണ്ടെത്തിയ വൈറസാണ് ‘മക്യുപോ’ (ഉച്ചാരണം ശരിയെന്ന് വിശ്വസിക്കുന്നു). ബൊളീവിയന്‍ ഹെമോറാജിക് ഫീവര്‍ എന്ന പനിയാണ് ഈ വൈറസിന്റെ ജോലി. ഇത് ഒരു സൂണോസിസ,് അതായത് മൃഗങ്ങളാണ് പ്രകൃതിയിലെ ഈ വൈറസിന്റെ വാഹകര്‍. നുമ്മടെ എലികളില്‍ നിന്ന് പകരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പക്ഷേ പേടിക്കണ്ട. ഇത് അങ്ങ് അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ സായിപ്പ് എലികളിലാണു കണ്ടിട്ടുള്ളത്.