ശവങ്ങൾ ചീഞ്ഞ് നാറുന്നതുപോലുള്ള ദുർഗന്ധം. ആ പഴയ ഫ്ലാറ്റിൽ താമസിച്ചുകൊണ്ടിരുന്ന നിക്കോളസ് എസ്കോബാര്‍ കുറച്ചു നാളുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്.
കൊളംമ്പിയന്‍ മയക്കുമരുന്ന് രാജാവും നിക്കോളാസിന്റെ അമ്മാവനുമായ പാബ്ലോ എസ്കോബാറിന്റെ പഴയ താമസസ്ഥലമായിരുന്നു ആ ഫ്ലാറ്റ്. മണം വരുന്നത് ഒരു ചുവരിന്റെ ഭാഗത്തുനിന്നാണ്. രണ്ടും കല്‍പ്പിച്ച് നിക്കോളാസ് ആ ചുവര് പൊളിച്ചു.
നിക്കോളാസ് അത്ഭുതപ്പെട്ടു! 20 മില്യൺ ഡോളർ (ഏകദേശം 150 കോടി രൂപ) പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നു! ഇത് ആദ്യമായല്ല ആ ഫ്ലാറ്റിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നിക്കോളാസിന് ലഭിക്കുന്നത്.
ഒരു ടൈപ്പ് റൈറ്റര്‍, സാറ്റലെറ്റ് ഫോണ്‍, സ്വര്‍ണ്ണപേന്‍, കാമറ, ഇതുവരെ ഡെവലപ്പ് ചെയ്യാത്ത ഒരു ചുരുള്‍ ഫിലിം എന്നിവ ഫ്ലാറ്റില്‍ നിന്നു ഇതിന് മുന്‍പ് ലഭിച്ചിട്ടുണ്ട്.
ഫ്ലാറ്റിന്റെ ബേസ്മെന്റിലെ ചുമരില്‍ ഒളിപ്പിച്ച രീതിയിലാണ് പണവും വസ്തുക്കളും കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ രീതിയിലുള്ള നോട്ട് കെട്ടുകള്‍ ഉപയോഗ ശൂന്യമായ രീതിയിലാണ് എന്നാണ് നിക്കോളാസ് എസ്കോബാര്‍ പറയുന്നത്.കഴിഞ്ഞ അഞ്ച് വർഷമായി നിക്കോളാസ് ഇവിടെയാണ് താമസം.
പണം കൊണ്ടുപോകാൻ വിമാനം
1980 കള്‍ മുതല്‍ 90 മധ്യവരേ ലാറ്റിനമേരിക്കന്‍ മയക്കുമരുന്നു വിപണി അടക്കി വാണ കൊളമ്പിയക്കാരനായിരുന്നു പാബ്ലോ എസ്കോബാര്‍.
ആ സമയത്ത് അമേരിക്കയില്‍ വില്ക്കപ്പെട്ട മയക്കുമരുന്നിന്റെ 80 ശതമാനം എസ്കോബാര്‍ വഴി എത്തുന്നതായിരുന്നു. 15 ടൺ മയക്കുമരുന്നാണ് ഒരു ദിവസം കടത്തിക്കൊണ്ടിരുന്നത്.
ഒരു ഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ ഏഴാമത്തെ വ്യക്തിയെന്ന് ഇദ്ദേഹത്തെ ടൈംസ് മാഗസിന് വിശേഷിപ്പിച്ചു.ഈ സമയത്ത് എസ്കോബാറിന്റെ ആസ്തി 30 ബില്യൺ അമേരിക്കന്‍ ഡോളറായിരുന്നു എന്നാണ് കണക്ക്.
ഇപ്പോഴാണെങ്കിൽ അത് 59 ബില്യൺ ഡോളറിന് തുല്യം. മയക്കുമരുന്ന് വിറ്റു കിട്ടുന്ന പണം പണമായി തന്നെ സൂക്ഷിക്കുന്ന പതിവുകാരനായിരുന്നു എസ്കോബാര്‍.
അതിനാല്‍ തന്നെ എസ്കോബാറിന്റെ പണശേഖരം കൊളംമ്പിയയിലെ പലഭാഗത്തും ഇപ്പോഴും കുഴിച്ചിട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. പണം കൊണ്ടുപോകനായി മാത്രം എസ്കോബാർ ഒരു വിമാനം ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
1993 ഡിസംബർ രണ്ടിന് കൊളംബിയൻ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ എസ്കോബാർ കൊല്ലപ്പെട്ടു.