ചെറായി: നീലാകാശം പച്ചക്കടൽ എന്നൊക്കെ സിനിമാപ്പേര് കേട്ടപ്പോൾ ഭാവന മാത്രമായിരിക്കുമെന്നു കരുതിയവർ കഴിഞ്ഞ ദിവസം ആ കാഴ്ച കണ്ട് അന്പരന്നു, ചെറായി, മുനന്പം ബീച്ചുകളിലായിരുന്നു ഈ വിസ്മയ കാഴ്ച.
ഇളകിമറിയുന്ന കടൽ തിരകൾക്കു പച്ചനിറം കണ്ട് സന്ദർശകരും നാട്ടുകാരു അത്ഭുതം കൂറി.
കുഴുപ്പിള്ളി, ചെറായി, മുന്‍പം ബീച്ചുകളിൽ ഇന്നലെ രാവിലെ മുതലാണ് കടലിനു നിറംമാറിയത്. കടലിന്റെ അടിത്തട്ടിലെ മാറ്റമാണ് പച്ചനിറത്തിനു കാരണമെന്നു പരന്പാരഗത മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.
വളരെ അപൂർവമായിട്ടേ ഈ മേഖലയിൽ നിറംമാറ്റം കണ്ടുവരാറുള്ളൂ. പച്ചനിറം കണ്ടതോടെ ബീച്ചിലെത്തിയ സന്ദർശകരിൽ പലരും കടലിൽ ഇറങ്ങാൻ തന്നെ ഭയപ്പെട്ടു.
കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസ വ്യവസ്ഥ താളം തെറ്റുന്നതാണ് കടൽ പച്ച നിറത്തിലേക്ക് വഴി മാറാൻ കാരണമെന്ന് വിദഗ്ധർ പറയുന്നത്.
ആൽഗകളുടെ ഈ പ്രതിഭാസത്തെ ആൽഗൽ ബ്ലും എന്നാണ് വിളിക്കുന്നത്. ഈ ആൽഗകൾ അടങ്ങിയ കടൽ വിഭവങ്ങൾ മനുഷ്യർ ഉപയോഗിച്ചാൽ ജീവനു പോലും ആപത്താണ്.