തൃശൂർ: തൃശൂർ-പൊന്നാനി മേഖലയിൽ നടത്തിയ തുന്പി സർവേയിൽ 31 ഇനം തുന്പികളെ കണ്ടെത്തി. അത്യപൂർവമായ പച്ചക്കണ്ണൻ ചേരാച്ചിറകൻ തുന്പിയുൾപ്പെടെയുള്ള ഇനങ്ങളെയാണ് ഗവേഷകർ കണ്ടെത്തിയത്. തൊമ്മാന മുതൽ ബിയ്യം കായൽ വരെയുള്ള വിവിധ കോൾപാടശേഖരങ്ങളിൽ ഞായറാഴ്ച നടന്ന സർവേയിൽ 10 ടീമുകളായി 70ഓളം പക്ഷി-തുന്പി നിരീക്ഷകർ പങ്കെടുത്തു.
മേഖലയിൽ പക്ഷി സർവേകൾ നടത്താറുണ്ടെങ്കിലും ആദ്യമായാണ് തുന്പികൾക്കായി ഒരു സർവേ നടത്തുന്നത്.
സർവേ നടത്തിയ എല്ലാ സ്ഥലങ്ങളിലും ദേശാടന തുന്പിയായ തുലാത്തുന്പിയുടെ വലിയ കൂട്ടങ്ങളെ കണ്ടെത്തി. മകുടിവാലൻ തുന്പി, പാണ്ടൻ വയൽതെയ്യൻ, ചെന്പൻ തുന്പി, ഓണത്തുന്പി, വയൽത്തുന്പി എന്നീ കല്ലൻ തുന്പികളെയും ധാരാളമായി കണ്ടതായി ഗവേഷണം രേഖപ്പെടുത്തുന്നു.
സൂചിത്തുന്പികളുടെ എണ്ണം വളരെ കുറവാണ്. മലിനജലത്തിൽ മുട്ടയിട്ടു വളരുന്ന ചങ്ങാതിത്തുന്പിയുടെ വൻതോതിലുള്ള സാന്നിധ്യം കോൾപാടത്തെ അനിയന്ത്രിതമായ മലിനീകരണത്തിന്റെ സൂചനയായി കണക്കാക്കുന്നു. തുന്പിഗവേഷകരായ ജീവൻ ജോസ്, റെയ്സൻ തുന്പൂർ, മുഹമ്മദ് ഷെറീഫ്, സുജിത്ത് വി. ഗോപാലൻ, ഉണ്ണി പട്ടാഴി, പി.കെ. സിജി, രഞ്ജിത്ത്, ഗീത പോൾ, നൈനാൻ, വിവേക് ചന്ദ്രൻ, മാക്സിം, കെ.സി. രവീന്ദ്രൻ, അജിത്ത് ജോണ്സൻ തുടങ്ങിയവർ സർവേ നയിച്ചു.
തുടർന്നുനടന്ന സെമിനാർ പ്രശസ്ത തുന്പിശാസ്ത്രജ്ഞൻ ഡോ. ഫ്രാൻസി കാക്കശേരി ഉദ്ഘാടനം ചെയ്തു. ഡോ. പി.ഒ നമീർ അധ്യക്ഷനായി. കോളിലെ വാർഷിക സർവേയ്ക്കു മുന്നോടിയായി നടന്ന കോൾ ബേഡ് കൗണ്ടിൽ 115 സ്പീഷിസുകളിലായി പതിനായിരത്തിലേറെ പക്ഷികളെയും ഡോക്യുമെൻഡ് ചെയ്തു.
ഇന്ത്യയിൽ അപൂർവമായി കണ്ടുവരുന്ന ചെന്നീലിക്കാളി ഉപ്പുങ്ങൽ കോൾമേഖലയിൽ കണ്ടെത്തി. 2015ൽ വെള്ളായിക്കായലിനുശേഷം ഇതു രണ്ടാം തവണയാണ് കേരളത്തിൽ ചെന്നീലിക്കാളി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്ഥിരം നീർപക്ഷികളെക്കൂടാതെ വലിയ രാജഹംസം, കായൽപുള്ള്, പാടക്കുരുവി, കരിവാലൻ പുൽക്കുരുവി തുടങ്ങിയവയെയും കണ്ടെത്തായി.
പക്ഷിനിരീക്ഷണക്കൂട്ടായ്മയായ കോൾബേഡേഴ്സ് കളക്ടീവ്, കേരള കാർഷിക സർവകലാശാല, കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രം, ഡ്രാഗണ്‍ഫ്ലൈസ് ഓഫ് കേരള ഫേസ്ബുക്ക് ഗ്രൂപ്പ്, കേരള വനംവകുപ്പ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു സർവേകൾ. ഇ.എസ്. പ്രവീണ്‍, മനോജ് കരിങ്ങാമഠത്തിൽ, പി.പി. നെസ്രുദ്ദീൻ, ശ്രീകുമാർ കെ. ഗോവിന്ദൻകുട്ടി, അരുണ്‍ ഭാസ്കർ. കൃഷ്ണകുമാർ കെ. അയ്യർ, ഷിനോ ജേക്കബ്, ഇ.ആർ. ശ്രീകുമാർ, അദിൽ നഫർ, മിനി ആന്റോ, അരുൺ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ജനകീയ പൗരശാസ്ത്ര പ്ലാറ്റ്ഫോം ആയ ഇ-ബേഡ് ഉപയോഗിച്ച് ഡിജിറ്റൽ സ്വഭാവത്തിലായിരുന്നു സർവേ.