കൽപ്പറ്റ: സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായം മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട് ഓഗസ്റ്റ് എട്ടിനു വൈകുന്നേരം ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നു വീടുംസ്ഥലവും നഷ്ടമായ കുടുംബങ്ങൾക്കു ലഭിച്ചില്ല. ഒരോ കുടുംബത്തിനും 10,000 രൂപയാണ് അടിയന്തര സഹായമായി ലഭിക്കേണ്ടത്.
മേപ്പാടി പഞ്ചായത്ത് തയാറാക്കിയ പട്ടികയനുസരിച്ച് പുത്തുമലയിലും സമീപങ്ങളിലുമായി 93 കുടുംബങ്ങൾക്കാണ് അടിയന്തര സഹായത്തിനു അർഹത. സഹായധന വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 20നു പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തിയിരുന്നു. ഉരുൾപൊട്ടി മണ്ണിനടിയിലായ പുത്തുമലയിൽ 12 മൃതദേഹങ്ങളാണ് ഇതിനകം കണ്ടെത്തിയത്. അഞ്ചു പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഓഗസ്റ്റ് 27നാണ് ജില്ലാ ഭരണകൂടം അവസാനിപ്പിച്ചത്.
കുന്നത്തുകവല നൗഷാദിന്റെ ഭാര്യ ഹാജിറ(23), മണ്ണിൽവളപ്പിൽ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് മിസ്തഹ്(മൂന്നര),എടക്കണ്ടത്തിൽ മുഹമ്മദിന്റെ മകൻ അയ്യൂബ്(44), ചോലശേരി ഇബ്രാഹിം(38), കാക്കോത്തുപറന്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഖാലിദ്(42), കക്കോത്തുപറന്വിൽ ജുനൈദ്(20), പുത്തുമല ശെൽവൻ(60), ഭാര്യ റാണി(57), തമിഴ്നാട് പൊള്ളാച്ചി ശെൽവകുമാറിന്റെ മകൻ കാർത്തിക്(27), പുത്തുമല തേയിലത്തോട്ടം തൊഴിലാളി മുണ്ടേക്കാട്ട് ചന്ദ്രന്റെ ഭാര്യ അജിത(46), തമിഴ്നാട് പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കർ(26), സുവർണയിൽ ലോറൻസിന്റെ ഭാര്യ ഷൈല(32) എന്നിവരുടെ മൃതദേഹങ്ങളാണ് പുത്തുമലയിൽ കണ്ടെടുത്തത്. ഇവരുടെ കുടുംബങ്ങൾക്കു നാലു ലക്ഷം രൂപ വീതം ആശ്വാസധനം ലഭിച്ചു.
പുത്തുമല നാച്ചിവീട്ടിൽ അവറാൻ(68), കണ്ണൻകാടൻ അബൂബക്കർ(62), എടക്കണ്ടത്തിൽ നബീസ(72), മുത്താറത്തൊടി ഹംസ(62), പുത്തുമല എസ്റ്റേറ്റ് സ്റ്റോർ കീപ്പർ അണ്ണയ്യ(56) എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇവരുടെ കുടുംബങ്ങൾക്കു മരിച്ചവരുടെ ആശ്രിതർക്കുള്ള അതേ ആശ്വാസധനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്കു കീഴിലുള്ള സമിതിയുടെ അംഗീകാരത്തിനു വിധേയമായി നൽകുമെന്നു അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ല,.
പുത്തുമലയിൽ വീടും സ്ഥലവും നഷ്ടമായ കുടുംബങ്ങളുടെ പുനരധിവാസത്തിനു നടപടികൾ പുരോഗമിക്കുകയാണ്. ഒരേസ്ഥലത്തു പുനരധിവസിപ്പിക്കണെന്നു പുത്തുമലയിലെ ദുരന്തബാധിത കുടുംബങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മേപ്പാടി കള്ളാടിക്കു സമീപം ജില്ലാ ഭരണകൂടം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ 58 വീടുകളാണ് മണ്ണിനടിയിലായത്. വാസയോഗ്യമല്ലാതായ വീടുകൾ പുറമേ. വീടും സ്ഥലവും നശിച്ച കുടുംബങ്ങൾക്കു 10 ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ച സഹായം.