പെരുമ്പാവൂർ: പെരുന്പാവൂരിൽ ഇതര സംസ്ഥാനക്കാരുടെ ഇടയിൽ ദേഹത്ത് പച്ചകുത്ത് വ്യാപകമാകുന്നു. ബസ് സ്റ്റാൻഡ് റോഡ് കേന്ദ്രീകരിച്ചാണ് ഞായറാഴ്ചകളിൽ രാജസ്ഥാനി സ്വദേശികൾ പച്ചകുത്തുന്നത്. ആറ് വർഷമായിബസ് സ്റ്റാൻഡിനു മുന്നിൽ പച്ചകുത്ത് നടക്കുന്നു.
ഇവരുടെ പക്കലുള്ള കാറ്റ് ലോഗിലെ ചിത്രങ്ങൾ ആവശ്യക്കാരൻ കാണിക്കുന്നതനുസരിച്ച് ആദ്യം ദേഹത്ത് പേന കൊണ്ട് വരയ്ക്കും പിന്നീട് ബാറ്ററി ഘടിപ്പിച്ച ചെറിയ മെഷീനിൽ സൂചിയിലാണ് തൊലി പൊട്ടിച്ച് പച്ച കുത്തുന്നത്. ഇതിനായി വീറ്റോകളർ എന്ന മഷിയാണ് ഉപയോഗിക്കുന്നത്. തുടർന്ന് ഓയൽ തേച്ച് മഷി തുടച്ചു നീക്കുന്നതോടെ ഇവ മായാതെ നിലനിൽക്കും.
ചിത്രത്തിന്റെ വലിപ്പമനുസരിച്ച് 100 മുതൽ 300 രൂപ വരെയാണ് വാങ്ങുന്നത്.കൈത്തണ്ടയിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും പച്ചകുത്തുന്നതെങ്കിലും മറ്റു ദേഹഭാഗങ്ങളിലും പച്ചകുത്താറുണ്ട്. അടുത്തിടെ പെരുമ്പാവൂരിലെ മലയാളികളിലേക്കും ഈ സംസ്കാരം വ്യാപിച്ചിട്ടുണ്ട്.
ചിലപ്പോഴെല്ലാം പോലീസ് ഇവരെ പിടികൂടി പച്ചകുത്തിന് വിലക്കേർപ്പെടുത്തിയെങ്കിലും വീണ്ടും ഇതേ സ്ഥലത്തിരുന്ന് ഇവർ പച്ചകുത്ത് തുടരുകയാണ് പതിവ്. പച്ചകുത്തുന്നതിനായി എല്ലാവരിലും ഒരേസൂചി ഉപയോഗിക്കുന്നതിൽ രക്തംവഴി പകരുന്ന എയ്ഡ്സ് പോലുള്ള മാരക രോഗങ്ങൾ പച്ചകുത്തൽ മൂലം പകരാൻ സാധ്യതയുണ്ട്.