വടക്കഞ്ചേരി: ജില്ലാ പഞ്ചായത്തിന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ കാടുമൂടി കിടന്നിരുന്ന പുഴയോരങ്ങൾ ജൈവവൈവിധ്യ ഉദ്യാനങ്ങളായി മാറുന്നു. ഭാരതപുഴയുടെ കൈവഴിയായ മംഗലം പുഴയോരവും മുളങ്കാടുകളും പൂക്കളും ഒൗഷധസസ്യങ്ങളുമായി ഹരിതാഭമാകുകയാണ്. ഇവിടെ വിശ്രമിക്കാനായി പനയോലകൊണ്ടുള്ള കൂടാരങ്ങൾ നിർമിക്കും. മലമൂത്ര വിസർജനത്തിനായി ബയോ ടോയ്ലറ്റുകൾ അടുത്തദിവസം മംഗലം പുതിയ പാലത്തിനുതാഴെ സ്ഥാപിക്കും.
സംസ്ഥാന സർക്കാരിന്റെ ഹരിതകേരള മിഷന്റെ ഭാഗമായിട്ടാണ് ജില്ലാ പഞ്ചായത്തിന്റെ മുപ്പതു ഡിവിഷനുകളിലും പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ഡിവിഷനിലും ഒരു സ്ഥലത്തെങ്കിലും പച്ചത്തുരുത്ത് ഉണ്ടാക്കുകയാണ് ലക്ഷ്യം.ഹരിതകേരള മിഷൻ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ ഡോ. കെ.വാസുദേവൻ പിള്ളയുടെ മേൽനോട്ടത്തിലാണ് ഇവിടെ പദ്ധതികൾ നടപ്പിലാക്കുക. ഭാരതപ്പുഴയുടെ പുനരുജീവനമാണ് നടപ്പിലാക്കുന്നത്.
പച്ചത്തുരുത്തിന്റെ ലക്ഷ്യമെന്ന് കിഴക്കഞ്ചേരി ഡിവിഷൻ റിസോഴ്സ് പേഴ്സണ്‍ കെ.എം.രാജു പറഞ്ഞു.പുഴയോരങ്ങൾ ഉൾപ്പെടെ ഇതിനായി സ്ഥലം കണ്ടെത്തി പത്തുവർഷത്തിനുള്ളിൽ തരിശുഭൂമികൾ പച്ചക്കാടുകളാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ശബരിമല തീർഥാടനകാലങ്ങളിൽ മംഗലം പുഴയോരങ്ങൾ മലമൂത്ര വിസർജ്യംമൂലം മുക്കുപൊത്താതെ നടക്കാനാകാത്ത സ്ഥിതിയുണ്ട്. ടാർ റോഡിൽപോലും മലവിസർജനമാണ്. ഈ മാലിന്യം നിറഞ്ഞ പുഴവെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നതെന്നതും പച്ചത്തുരുത്ത് പദ്ധതിക്കു ദോഷകരമാകുന്നു.