കൊട്ടിയൂർ: പാൽച്ചുരത്ത് നടക്കുന്ന അനധികൃത റിസോർട്ട് നിർമാണത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനും നിയമനടപടികൾക്കും ഒരുങ്ങുകയാണ് പ്രദേശവാസികളും പരിസ്ഥിതി സംഘടനകളും. ഹരിത ട്രൈബ്യൂണൽ, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ തുടങ്ങിയവർക്കാണ് പരാതി നൽകുക. ഇതിനായി ജനകീയ ഒപ്പുശേഖരണം നടത്തും .
കൊട്ടിയൂർ പാൽച്ചുരത്ത് യാതൊരു അനുമതിയുമില്ലാതെയാണ് കുന്ന് ഇടിച്ചുനിരത്തി സ്വകാര്യ വ്യക്തി റിസോർട്ട് നിർമാണം ആരംഭിച്ചത്. ഇതിനായിതന്നെ നൂറുകണക്കിന് ആളുകളുടെ കുടിവെള്ളം മുട്ടിച്ച് ബാവലിപുഴയുടെ പ്രധാന കൈവഴിയായ ചെകുത്താൻ തോട്ടിൽ കോൺക്രീറ്റ് തടയണ നിർമിച്ച് വെള്ളം റിസോർട്ടിലേക്ക് ഒഴുക്കി.
റിസോർട്ട് നിർമിക്കുന്ന പ്രദേശത്തെക്കുള്ള പ്രവേശനം തടഞ്ഞതിനാൽ ഈ നിയമലംഘനം പുറം ലോകം അറിഞ്ഞില്ല. സംഭവം അന്വേഷിക്കാനെത്തിയ പോലീസുകാർക്കു ചോദ്യം ചെയ്യലിന് ശേഷമാണ് ഈ പ്രദേശത്തേക്ക് പ്രവേശിക്കാനായത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പിൻബലവും ഇവർക്ക് ലഭിക്കുന്നു എന്നാണ് സൂചന. മഴക്കാലം തുടങ്ങിയതടെ മലയുടെ അടിവാരത്ത് താമസിക്കുന്ന മേലെ പാൽച്ചുരം കോളനിവാസികളുൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ ആശങ്കയിലാണ്.