കുട്ടനാട്: കുട്ടനാടിന്റെ വികസന സ്വപ്നത്തിന് ചിറകുവിടര്‍ത്താന്‍ വരുന്നു പടഹാരം പാലം. വിനോദസഞ്ചാര മേഖലയ്ക്കു പ്രാധാന്യം നല്കി തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പമ്പാ നദിക്കു കുറുകെ നിര്‍മിച്ച പടഹാരം പാലം ഉദ്ഘാടനത്തിനൊരുങ്ങിയതോടെ ആലപ്പുഴയുടെ പാലപ്പെരുമയ്ക്ക് വീണ്ടും പകിട്ടേറി. മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഏപ്രിലോടെ പാലം നാടിനു സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
കുട്ടനാട്ടിലൂടെ കടന്നുപോകുന്ന പ്രധാന പാതകളായ ആലപ്പുഴ-ചങ്ങനാശേരി റോഡിനെയും അമ്പലപ്പുഴ- തിരുവല്ല റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലം കൂടിയാണ് കരുവാറ്റ-കുപ്പപ്പുറം റോഡിലെ പടഹാരം പാലം.
ദൈര്‍ഘ്യം 453 മീറ്റർ
2016-17ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി ധനസഹായത്തോടെ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. 63.35 കോടി രൂപയാണ് നിര്‍മാണച്ചെലവ്. സമീപനപാതയുടെ വശങ്ങളിലെ അവസാനഘട്ട പണികളും പെയിന്റിംഗ് ഉള്‍പ്പെടെയുള്ള ജോലികളും മാത്രമാണ് ബാക്കിയുള്ളത്.
453 മീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 45 മീറ്റര്‍ നീളമുള്ള മൂന്ന് സെന്റര്‍ സ്പാനുകളും 35 മീറ്റര്‍ നീളമുള്ള ആറ് സ്പാനുകളും 12 മീറ്റര്‍ നീളമുള്ള ഒന്‍പത് സ്പാനുകളുമാണ് പാലത്തിനുള്ളത്. കുട്ടനാടിന്റെ ജീവനാഡിയാകാന്‍ ഒരുങ്ങുന്ന പാലം രൂപകല്‍പ്പനയുടെ പ്രത്യേകതകള്‍കൊണ്ടും ഏറെ ശ്രദ്ധേയമാണ്.
സാധാരണ പാലങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായി 7.5 മീറ്റര്‍ വീതിയിലുള്ള പാലത്തിന്റെ സ്പാനുകള്‍ക്ക് താഴെ 1.70 മീറ്റര്‍ വീതിയില്‍ ഇരുവശത്തുമായാണ് കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാത (പാത്ത് വേ) രൂപകല്പന ചെയ്തിരിക്കുന്നത്.
സഞ്ചാരികള്‍ക്ക് അവസരം
മുകളിലെ നിലയില്‍ റോഡും താഴത്തെ നിലയില്‍ പാത്ത് വേയും സജ്ജീകരിച്ച് രൂപകല്‍പ്പന ചെയ്ത കേരളത്തിലെ ആദ്യത്തെ പാലമാണിത്. കേരളീയ വാസ്തുവിദ്യയില്‍ ഒരുക്കിയ എട്ട് വാച്ച് ടവറുകളും പാലത്തിലുണ്ട്.
വാച്ച് ടവറുകളില്‍ നിന്നുകൊണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളും പൂക്കൈതയാറിന്റെ ഭംഗിയും ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും.പാലത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ വ്യത്യസ്തമായ ഈ നിര്‍മിതിയിലൂടെ സാധിക്കുന്നുണ്ട്. ഭാവിയില്‍ ചമ്പക്കുളവും നെടുമുടി – കരുവാറ്റ റോഡും കൂട്ടിയോജിപ്പിക്കുമ്പോള്‍ എസി റോഡില്‍നിന്ന് ചമ്പക്കുളം വഴി അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പായിലേക്കുള്ള ബൈപാസായും പടഹാരംപാലംമാറും.