തൃപ്പൂണിത്തുറ: രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഉഗ്ര സ്ഫോടനം നടന്നതിന്റെ ഞെട്ടൽ മാറാതെ ചൂരക്കാട്ടെ നാട്ടുകാർ. സ്ഫോടനം നടന്ന പറമ്പിന്റെ സമീപമുള്ള വീടുകളിലെ താമസക്കാർക്ക് ജീവിതം സാധാരണ നിലയിലേയ്ക്കെത്തിക്കാൻ നാളുകൾ വേണ്ടി വരും.
സ്ഫോടനത്തിന്റെ ശക്തമായ പ്രകമ്പനത്തിൽ വിണ്ടു കീറിയ ഭിത്തികളും തകർന്ന വാതിലുകളും ജനലുകളുമുള്ള വീടുകളിൽ ഇനി എന്ന് വാസമുറപ്പിക്കാൻ പറ്റുമെന്ന കാര്യത്തിൽ യാതൊരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്.
കഴിഞ്ഞ രാത്രി ദുരിതബാധിതരായ വീട്ടുകാർ ബന്ധുക്കളുടെ വീടുകളിലും മറ്റുമായാണ് തങ്ങിയത്. നഗരസഭാധികൃതർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ താമസ സൗകര്യമൊരുക്കിയിരുന്നെങ്കിലും ഒന്ന് രണ്ട് വീട്ടുകാർ മാത്രമാണ് ആ സൗകര്യം പ്രയോജനപ്പെടുത്തിയത്.
സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിസര പ്രദേശങ്ങളിലെ കുറച്ച് വീടുകൾ ഇന്നലെ വൃത്തിയാക്കിയിരുന്നു. തകർന്നു വീണ ജനാലച്ചില്ലുകളുടെയും സ്ഫടിക പാത്രങ്ങളുടെയും അവശിഷ്ങ്ങളായിരുന്നു കൂടുതലും. പക്ഷേ സ്ഫോടനം നടന്ന സ്ഥലത്തോട് തൊട്ട് ചേർന്നുള്ള വീടുകളിൽ ഇടിഞ്ഞു വീണു കിടക്കുന്ന കല്ലും ഇഷ്ടികയും കോൺക്രീറ്റ് അവശിഷ്ടങ്ങളും മാറ്റുന്നതിന് ഒട്ടേറെ മനുഷ്യാധ്വാനം വേണ്ടി വരും.
ഗൃഹോപകരണങ്ങളെല്ലാം നഷ്ടപ്പെട്ട വാസയോഗ്യമല്ലാത്തവയായി മാറിയ വീടുകളും ബാക്കിയായ, പരിസര വാസികൾക്ക് ഇവയെല്ലാം ആര് ഒരുക്കിക്കൊടുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചമുതൽ ദുരിത ബാധിതരായവയുടെ വീടുകളിൽ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയിരുന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ നാല് പേർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.