പാലക്കാട്: ദീപാവലി തിളക്കത്തിൽ പടക്കങ്ങൾ ഉപയോഗിക്കുന്പോൾ കൈപൊള്ളാതിരിക്കാൻ മാർഗനിർദ്ദേശങ്ങളുമായി അഗ്നിശമനസേന. ദീപാവലിക്ക് പടക്കങ്ങൾ വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമായാണ് സുരക്ഷാ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് അപകടങ്ങൾ ഇല്ലാതാക്കണമെന്ന് ജില്ലാ അഗ്നിശമനസേനാ വിഭാഗം മേധാവി അരുണ്‍ ഭാസ്ക്കർ പറഞ്ഞു.
മാർഗനിർദ്ദേശങ്ങൾ
പടക്കങ്ങളുടെ കവറുകളിൽ എഴുതിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക, തുറസായ സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കുക, പടക്കം പൊട്ടിക്കുന്ന സ്ഥലത്തിന് സമീപം ബക്കറ്റും വെള്ളവും മണലും കരുതുക, കൈ നീട്ടിപിടിച്ച് അകലേക്കാക്കി മാത്രം പടക്കങ്ങൾ കൈകാര്യം ചെയ്യുക, സുരക്ഷയ്ക്കായി ഷൂ, കണ്ണട എന്നിവ ഉപയോഗിക്കുക, ഇറുകിയ കോട്ടണ്‍ തുണികൾ ധരിക്കുക, നിലവാരമുള്ള പടക്കങ്ങൾ ഉപയോഗിക്കുക, ഓല ഷെഡുകൾ, വൈക്കോൽ എന്നിവയ്ക്കു സമീപം ഉപയോഗിക്കരുത്.
ഉപയോഗിച്ചു കഴിഞ്ഞവ ഉടൻ തന്നെ വെള്ളമോ മണലോ ഉപയോഗിച്ച് നിർവീര്യമാക്കുക, പടക്കങ്ങൾ ഉപയോഗിക്കുന്പോൾ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക, മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം കുട്ടികളെ പടക്കങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കുക, ഒരിക്കൽ ഉപയോഗിച്ചിട്ട് പൊട്ടാത്തവ വീണ്ടും ഉപയോഗിക്കരുത്.
കത്തിച്ചുവെച്ച വിളക്കുകളോ ചന്ദനത്തിരികളോ പടക്കങ്ങളുടെ സമീപം വെയ്ക്കരുത്, കെട്ടിടങ്ങളോട് ചേർന്ന് ഇവ പൊട്ടിക്കരുത്, വീടിനുള്ളിൽ തുറന്ന്വെച്ച് പ്രദർശിപ്പിക്കരുത്, കുട്ടികളെ പരമാവധി അകലേക്ക് മാറ്റി നിർത്തുക, പടക്കങ്ങൾ കത്തിച്ച് പുറത്തേക്ക് എറിഞ്ഞു കളിക്കരുത്, അടച്ചുവെച്ച കണ്ടെയ്നറുകൾക്കുള്ളിൽ ഉപയോഗിക്കരുത്, പറക്കുന്ന രീതിയിലുള്ള പടക്കങ്ങൾ ഇടുങ്ങിയ സ്ഥലത്ത് വെച്ച് പൊട്ടിക്കരുത്, ഫ്ലവർപോട്ട്, ആറ്റംബോംബ്, ലേഡീസ് ഇൻ ഹാൻഡ് തുടങ്ങിയ പടക്കങ്ങൾ കൈയിൽ വെച്ച് ഉപയോഗിക്കരുത്, പടക്കങ്ങൾ ഉപയോഗിച്ച് പൊള്ളലുണ്ടവുന്ന ഭാഗത്ത് 10 മിനിറ്റോളം ധാരാളം തണുത്ത വെള്ളം ഒഴിക്കുക.
പടക്കങ്ങൾ വിൽക്കുന്നവർക്ക്
നിയമപ്രകാരമുള്ള ലൈസൻസ് ഇല്ലാത്ത കടകളിലോ പൊതുസ്ഥലങ്ങളിലോ പടക്കങ്ങൾ വിൽക്കാൻ പാടില്ല, റോഡുകൾ, സ്ട്രീറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വിൽക്കരുത്, പടക്കങ്ങളിലെ പ്രിന്റിങ്, മാർക്കിങ് എന്നിവ തിരുത്തരുത്, കാലപ്പഴക്കമുള്ളതോ കേടായതോ ആയ പടക്കങ്ങൾ വിൽക്കരുത്, ഒറിജിനൽ പാക്കേജുകളിൽ മാത്രം വിൽക്കുക, ഒറിജിനൽ പാക്കേജിന്റെ അളവിനേക്കാൾ കുറഞ്ഞ അളവിലാണെങ്കിൽ സുരക്ഷിതമായി പാക്ക് ചെയ്യുകയും താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും എഴുതി വെയ്ക്കുകയും ചെയ്യണം.