വൈപ്പിൻ: ഈസ്റ്റർ-വിഷു കച്ചവടങ്ങള്ക്കായുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ദുര്‍വിധിപോലെ എത്തിയ കോവിഡ് ബാധ ചെറായി- പള്ളിപ്പുറം മേഖലയിലെ പടക്ക വിപണിയെ മരണവീടിനു തുല്യമാക്കി. വില്‍പ്പനയ്ക്കായി സംഭരിച്ചിരിക്കുന്ന പടക്കങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ പെരുവഴിയിലായിരിക്കുകയാണ് പടക്കവ്യാപാരികൾ.
ഉത്സവങ്ങളും കോവിഡില്‍ മുടങ്ങിയതോടെ ഉത്സവ സീസണുകളില്‍ കിട്ടുന്ന മാലപ്പടക്കത്തിന്റെ കച്ചവടവും ഇക്കുറി ഉണ്ടായില്ല. വിഷു- ഈസ്റ്റര്‍ സീസണില്‍ മാത്രമാണ് ഇവിടെ പടക്ക വിപണി സജീവമാകുക.
ജില്ലയിലെ മറ്റു മേഖലകളെ അപേക്ഷിച്ച് പടക്കത്തിനു വിലക്കുറവായതിനാല്‍ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ ചെറായിലെത്തി മൊത്തമായും ചില്ലറയായും പടക്കങ്ങള്‍ വാങ്ങിക്കുക പതിവാണ്.
നിയന്ത്രണങ്ങളോടെ പടക്ക കടകളും തുറക്കാനുള്ള അനുമതിക്കായി പടക്ക വ്യാപാരികളുടെ സംഘടനകള്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെറായി മേഖലയിലെ പ്രമുഖ പടക്ക വ്യാപാരിയായ ഒ.സി. സൈജു പറഞ്ഞു.