തൃശൂർ: പടക്കം പൊട്ടിക്കന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ച് ആരു പടക്കം പൊട്ടിച്ചാലും കുടുങ്ങാൻ പോകുന്നത് അതാതു സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ.
നിശ്ചിത സ്ഥലത്തും സമയത്തും മാത്രമേ പടക്കങ്ങൾ പൊട്ടിക്കാവൂ എന്ന കോടതി നിർദ്ദേശവും നിരോധിക്കപ്പെട്ട പടക്കങ്ങളുടെ വിൽപന അനുവദിക്കില്ലെന്ന കോടതി ഉത്തരവും ലംഘിക്കപ്പെടുന്ന പക്ഷം അതാത് സ്ഥലത്തെ സ്റ്റേഷൻ ഓഫീസർമാർ കോടതിയലക്ഷ്യ നടപടിക്ക് വിധേയരാകേണ്ടി വരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ജില്ല പോലീസ് മേധാവിമാർക്കയച്ച കത്തിൽ വ്യക്തമാക്കി.
ദീപാവലിയോടനുബന്ധിച്ചാണ് സുപ്രീം കോടതി ഈ ഉത്തരവും മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചതെങ്കിലും മറ്റു ആഘോഷദിവസങ്ങളിലും പടക്കങ്ങൾ പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് രാത്രി 11.55 മുതൽ 12.30 വരെ മാത്രമേ പടക്കങ്ങൾ പൊട്ടിക്കുന്നതിന് കോടതി അനുമതി നൽകിയിട്ടുള്ളു. പാതിരാവിൽ തുടങ്ങി പുലർകാലം വരെ പടക്കം പൊട്ടിച്ച് ക്രിസ്മസും പുതുവർഷവും ആഘോഷിക്കുന്ന പതിവ് രീതികൾക്ക് ഇത്തവണ കോടതി ഉത്തരവ് തിരിച്ചടിയാവുകയാണ്.
കോടതി ഉത്തരവും നിരോധനവും നിർദ്ദേശങ്ങളും പൊതുജനങ്ങൾ ലംഘിച്ചാൽ കോടതി കയറേണ്ടി വരുമെന്നതുകൊണ്ടു തന്നെ പോലീസ് ഇത് ലംഘിക്കപ്പെടാതിരിക്കാൻ കൂടുതൽ ജാഗരൂകരായിരിക്കുമെന്നുറപ്പായിട്ടുണ്ട്.