കോഴിക്കോട്: വിഷുവിനെ വരവേറ്റ് പടക്കവിപണി. എല്ലാവര്‍ഷവും പുതിയതെന്തെങ്കിലും കരുതിവയ്ക്കാറുള്ള വിപണിയില്‍ ഇത്തവണ താരം ആറുമിനിട്ടിലേറെ കത്തുന്ന പൂക്കുറ്റിയും നിലചക്രത്തിന്റെ പുതിയ അവതാരവുമാണ്. അരമീറ്റര്‍ ഉയരമുള്ള പൂക്കുറ്റിക്ക് ഒന്നിന് അഞ്ഞൂറ് രൂപയാണ് വില. കത്തിക്കുമ്പോള്‍ പൊള്ളലേല്ക്കില്ലെന്നുമാത്രമല്ല കൈയില്‍ അല്‍പ്പം തണുപ്പും കിട്ടും.
പത്ത് രൂപ മുതല്‍ ആയിരം രൂപ വരെവിലയുള്ള പടക്കങ്ങള്‍ വിപണിയില്‍ ഉണ്ട്. കാതടപ്പിക്കുന്ന ശബ്ദത്തോടുകൂടിയ പടക്കങ്ങള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. പതിവുപോലെ ഉഗ്ര ശബ്ദത്തോടെ പൊട്ടുന്ന പടക്കത്തിന് യുവാക്കളും ‘കത്തിക്കുന്ന’ ഇനങ്ങള്‍ക്ക് കൊച്ചുകുട്ടികളുമാണ് ആവശ്യക്കാര്‍ .അത്താണിക്കല്‍ അയ്യന്‍സ് വേള്‍ഡ് പടക്കവിപണിയില്‍ ഇത്തവണയും പതിവുപോലെ തിരക്കാണ്.
രണ്ടുവര്‍ഷമായി വിപണിയിലുള്ള പുലിമുരുകന് ഡിജിറ്റല്‍ പടക്കങ്ങള്‍ തന്നെയാണ് ഇത്തവണയും വിപണി കീഴടക്കുന്നത്. കഴിഞ്ഞതവണയുണ്ടായിരുന്ന ഒടിയന് പടക്കങ്ങള്‍ക്ക് പഴയ ഡിമാൻഡില്ല. ഡിജിറ്റല്‍ പടക്കങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. ഇതോടൊപ്പം അയ്യന്‍സ് സ്പെഷല്‍ കിറ്റുകളും ഉണ്ട്. 1200 രൂപയാണ് വില. ഇതില്‍ ഒരു കുടുംബത്തിന് വിഷുക്കാലത്ത് പൊട്ടിച്ച് തീര്‍ക്കാനുള്ള എല്ലാ പടക്കങ്ങളും ലഭ്യമാണെന്ന് ഉടമ പറയുന്നു.
അപകടരഹിതവും പുക കുറഞ്ഞതുമായ ഐറ്റങ്ങള്‍ ആണ് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. വീര്യം കുറഞ്ഞ ഇനമാണിത്. അതിനാല്‍ കാതടപ്പിക്കുന്ന ശബ്ദങ്ങളുണ്ടാവില്ല. ടിന്നിലടച്ച ഇനങ്ങളാണ് മറ്റൊരു ആകര്‍ഷണം. ഒരു ടിന്നില്‍ നാലെണ്ണമുണ്ടാകും. ഇവ കത്തിക്കുമ്പോള്‍ വര്‍ണപ്രപഞ്ചമാണ് സൃഷ്ടിക്കപ്പെടുക.