തിരുവനന്തപുരം: ദീപാവലിയോട് അനുബന്ധിച്ച് കേരള പൊലീസിൻ്റെ പടക്കം കച്ചവടം വൻ ഹിറ്റ്. ലക്ഷങ്ങളുടെ പടക്കങ്ങളാണ് ദീപാവലിയോട് അനുബന്ധിച്ച് പൊലീസ് വിറ്റഴിച്ചത്.
തലസ്ഥാന നഗരിയിലെ നന്ദാവനത്തെ ആംഡ് റിസർവ് ക്യാമ്പിലായിരുന്നു പൊലീസിൻ്റെ `പടക്കം ചന്ത´ പ്രവർത്തിച്ചത്.
ദീപാവലിക്ക് രണ്ടു ദിവസം മുൻപേ ആരംഭിച്ച പടക്കം കച്ചവടം ദീപാവലി ദിവസം വരെയുണ്ടായിരുന്നു.
തലസ്ഥാന നഗരിയിലെ നിരവധി ജനങ്ങൾ ഈ ദീപാവലി ആഘോഷിച്ചത് പൊലീസ് പടക്കം ഉപയോഗിച്ചായിരുന്നു. ലക്ഷങ്ങളുടെ വരുമാനമാണ് ഈ പടക്കം കച്ചവടത്തിലൂടെ പൊലീസിന് ലഭിച്ചിരിക്കുന്നത്.
പൊലീസ് വെൽഫെയർ അസോസിയേഷൻ്റെ കീഴിലായിരുന്നു പടക്കം ചന്ത പ്രവർത്തിച്ചത്. ഭരണ- പ്രതിപക്ഷ സംഘടനകളുടെ കീഴിൽ രണ്ടു പടക്കം ചന്തകൾ എആർ ക്യാമ്പിൽ ക്രമീകരിച്ചിരുന്നു.
രണ്ടിലും പടക്ക, വിൽപ്പന തൃകൃതിയായി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കേട്ടറിഞ്ഞും മറ്റും നിരവധി പേരാണ് ദീപാവലി ആഘോഷിക്കാൻ പടക്കം വാങ്ങാനെത്തിയത്.
രണ്ടു മാർക്കറ്റിലും മൂന്നു ദിവസവും കച്ചടമുണ്ടായിരുന്നു. ഓലപ്പടക്കങ്ങൾ ഉൾപ്പെടെ ഉച്ചത്തിൽ ശബ്ദം കേൾക്കുന്ന പടക്കങ്ങൾ കുറച്ച് കമ്പിത്തിരി, പൂത്തിരി, തറച്ചക്രം തുടങ്ങിയ വർണ്ണങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്.
മാത്രമല്ല വിവിധ വിലകൾക്കുള്ള ബോക്സായിട്ടായിരുന്നു പടക്കം വിൽപ്പന നടത്തിയത്.
ചില്ലറ വിൽപ്പന സംവിധാനം ഒഴിവാക്കി ബോക്സാക്കി നൽകുന്നതു കൊണ്ടും വീട്ടിലേക്ക് കൊണ്ടുപോകാൻ എളുപ്പമായതു കൊണ്ടും നിരവധി പേർ ക്യാമ്പിലെത്തി പടക്കം വാങ്ങിക്കുകയുണ്ടായി.
പടക്കങ്ങളുടെ കേന്ദ്രമായ ശിവകാശിയിൽ നിന്നാണ് മൊത്ത വിലയ്ക്ക് പൊലീസ് പടക്കങ്ങൾ ഇറക്കുമതി ചെയ്തത്. രണ്ടു ലോറിയിലായിട്ടാണ് സാധനങ്ങൾ തലസ്ഥാന നഗരിയിലെത്തിയത്.
ഏഴു തരത്തിലും വിലയ്ക്കുമുള്ള ബോക്സുകളാണ് വിൽപ്പനയ്ക്ക് ഉണ്ടായിരുന്നത്. 600 രൂപമുതൽ 2500 രൂപവരെയുള്ള ബോക്സുകൾ വിൽപ്പനയ്ക്ക് എത്തിയിരുന്നു.
ഇതിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് 900 രൂപയുടെ ബോക്സായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അത്യാവശ്യം വിപുലമായി ദീപാവലി ആഘോഷിക്കുവാനുള്ള വക 900 രൂപയുടെ ബോക്സിൽ ഉണ്ടായിരുന്നെന്നാണ് അനുഭവസ്ഥർ വ്യക്തമാക്കുന്നതും.
ദീപാവലിയുടെ തലേ ദിവസം നല്ല തിരക്കിലാണ് പടക്കം ചന്ത പ്രവർത്തിച്ചത്. ദീപാവലി ദിവസമായ തിങ്കളാഴ്ച ബോക്സുകൾ വിലയിളവുമുണ്ടായിരുന്നു.
900 രൂപയുടെ ബോക്സ് 150 രൂപ കുറച്ച് 750 രൂപയ്ക്കാണ് അന്നു വിൽപ്പന നടത്തിയത്. നഗരത്തിൽ താമസിക്കുന്നവരാണ് കപടക്കം ചന്ത കൂടുതലും ഉപയോഗപ്പെടുത്തിയതെങ്കിലും ഗ്രാമ പ്രദേശത്തുള്ളവർ അറിഞ്ഞും കേട്ടും പടക്കം വാങ്ങാനെത്തിയിരുന്നു.
വലിയ രീതിയിലുള്ള വിൽപ്പനയാണ് നടന്നതെങ്കിലും വരുമാനത്തിൻ്റെ കണക്കുകൾ പൊലീസ് അസോസിയേഷൻ പുറത്തു വിട്ടിട്ടില്ല.
അതേസമയം അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലായിരുന്നു നിർദേശം.
ദീപാവലി ആഘോഷങ്ങൾക്കു രാത്രി എട്ടു മുതൽ പത്തു വരെയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കു രാത്രി 11.55 മുതൽ 12.30 വരെയും മാത്രമായി പടക്കം പൊട്ടിക്കാൻ സമയം പരിമിതപ്പെടുത്തിയാണ് ട്രിബ്യൂണലിൻ്റെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും നിർദ്ദേശമുണ്ടാകയിരുന്നു.
പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.