
തുറവൂർ: വളമംഗലത്തെ അനധികൃത പടക്കനിർമാണശാലകളിൽ നടത്തിയ റെയ്ഡിനെ തുടർന്ന് ഏഴു പേർക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാവിലെ ഒന്‍പതോടെ ആരംഭിച്ച റെയ്ഡ് രാത്രി പത്തുവരെ നീണ്ടു.
ചേർത്തല ഡിവൈഎസ്പി എ.ജി. ലാലിന്റെ നേതൃത്വത്തിൽ കുത്തിയതോട് സിഐ മുഹമ്മദ് ഷാഫി, കുത്തിയതോട്, പട്ടണക്കാട് അരൂർ സ്റ്റേഷനുകളിലെ എസ്ഐമാർ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്. നിരവധി വീടുകളിലും പടക്ക നിർമാണശാലകളിലും പരിശോധന നടത്തി.
കരിമരുന്ന്, ഓലപ്പടക്കം, വെടിമരുന്ന് തുടങ്ങി അനധികൃതമായി സൂക്ഷിച്ചിരുന്ന ടണ്‍ കണക്കിന് സാധനങ്ങൾ പിടികൂടി. കാവിൽ പാലം മുതൽ വടക്കോട്ട് എസ്എൻജിഎം കവല വരെയുള്ള നിരവധി വീടുകളിലും കെട്ടിടങ്ങളിലുമാണ് പരിശോധന നടത്തിയത്.
പടക്കനിർമാണത്തിനായി പല വീടുകളിലും കിലോക്കണക്കിന് വെടിമരുന്നാന്ന് ശേഖരിച്ചിരുന്നത്. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവിടെ വെടിക്കെട്ടിനുളള കരിമരുന്നു സാധനങ്ങൾ നിർമിച്ചിരുന്നതും സൂക്ഷിച്ചിരുന്നതുമെന്ന് കണ്ടെത്തി.
ചിലർക്ക് ചെറിയ തോതിൽ കരിമരുന്ന് പ്രദർശനത്തിന് ഉള്ള അനുമതി ഉണ്ട്. ഇതിന്റെ മറവിലാണ് വിഷുവിന്റെ കച്ചവടം ലക്ഷ്യമാക്കി ലക്ഷക്കണക്കിന് രൂപയുടെ കരിമരുന്നും വെടിമരുന്നും പടക്കവും ശേഖരിച്ചിരിക്കുന്നത്.
പരിശോധനയുടെ അടിസ്ഥാനത്തിൽ വളമംഗലം സ്വദേശികളായ ഏഴു പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി കുത്തിയതോട് പോലീസ് പറഞ്ഞു.