സ്വന്തം ലേഖകൻ
തൃശൂർ: വിഷുവിന് ഇത്തവണയും ഓലപ്പടക്കം പൊട്ടില്ല. പകരം കടലാസുപടക്കം ധാരാളം. പടക്കം മുതൽ “നിലയമിട്ടുകൾ’ വരെ വിപണിയിലുണ്ട്.
പടക്കവും പൂത്തിരികളും വാങ്ങാൻ പടക്കശാലകളിൽ തിരക്കു തുടങ്ങി. വാങ്ങിക്കൊണ്ടുപോകുന്ന പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും നാടും നഗരവുമെല്ലാം വിഷുആഘോഷത്തിലേക്കു കടന്നുകഴിഞ്ഞു.
പടക്കശാലകളിൽ മാത്രമല്ല, പച്ചക്കറിവിപണിയിലും ടെക്സ്റ്റൈൽസ് ഷോറൂമുകളിലും വിഷുത്തിരക്കാണ്.
വിഷുക്കണി ഒരുക്കാനുള്ള പൊൻവെള്ളരി അടക്കമുള്ള ഇനങ്ങൾ വാങ്ങാനും വിഷുസദ്യക്കുള്ള പച്ചക്കറി ഇനങ്ങൾ വാങ്ങാനും തിരക്കുതന്നെ.
പടക്കശാലകളിൽ നൂറെണ്ണമുള്ള ഒറ്റപ്പടക്കം പാക്കറ്റിനു നാല്പതു രൂപയാണു വില. മാലപ്പടക്കത്തിന് 20 മുതൽ 80 വരെ രൂപ. പിരിപ്പടക്കം എന്നറിയപ്പെടുന്ന “ക്രാക്ലിംഗ് കിംഗ്’ ബോക്സിന് 30 രൂപയേയുള്ളൂ.
നിലയമിട്ടുകൾപോലെ മാനത്തേക്കു പറന്നുയർന്ന് 12 നിലയിൽ പൊട്ടുന്ന “ട്വൽവ് സ്റ്റാർസി’ന് 200 രൂപ. 25 നിലയുള്ളതിന് 500 രൂപയാണു വില.
കന്പിത്തിരി ബോക്സിന് പത്തുമുതൽ അന്പതു വരെ. മേശപ്പൂവിന് അഞ്ചു മുതൽ 50 രൂപ വരെയും. ഒരു കെട്ട് ലാത്തിരിക്ക് 30 മുതൽ 70 വരെ.
റോക്കറ്റും തലച്ചക്രവും ഒരെണ്ണത്തിനു പത്തു മുതൽ നാൽപതുവരെയാണു വില. ചരടുഗുണ്ട് പത്തെണ്ണമുള്ള ബോക്സിനു 30 രൂപയേയുള്ളൂ.