പള്ളുരുത്തി: പള്ളുരുത്തി എസ്.എൻ കവലയിൽ ഇന്ദിരാഗാന്ധി റോഡിന് സമീപം രണ്ടേക്കറോളം പാടം നികത്തുന്നതിന് ഭൂമാഫിയയിൽ നിന്ന് പണം വാങ്ങിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പരക്കംപാച്ചിലിൽ. പണം വാങ്ങിയെന്ന പരാതിയെ തുടർന്ന് ആരോപണം നേരിടുന്ന കൊച്ചിയിലെ ബിജെപി നേതാക്കളെ വിളിച്ചു വരുത്തി പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ, മണ്ഡലം, ഏരിയ നേതാക്കൾ പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു സംസ്ഥാന കമ്മിറ്റിയംഗവും രണ്ട് ജില്ലാ ഭാരവാഹികളുമാണ് അന്വേഷണത്തിന്റെ ചുമതല.പണം വാങ്ങിയ നേതാക്കൾക്കെതിരേ നടപടിയുണ്ടാകുമെന്നറിയുന്നു.പരാതിയെ തുടർന്ന് പാടം നികത്തൽ തടസപ്പെട്ടതോടെയാണ് വിവിധ രാഷ്ട്രീയ കക്ഷികൾ പണം വാങ്ങിയ വിവരം പുറത്തിറയുന്നത്. സിപിഎമ്മിന്റെ കൊച്ചി ഏരിയ കമ്മിറ്റി പത്ത് ലക്ഷം രൂപ വാങ്ങിയതായാണ് ആരോപണം. കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കളാണ് പാടം നികത്തുന്നതിന് ഒത്താശ ചെയ്യുന്നതും മറ്റ് പാർട്ടികൾക്ക് ഇടനിലക്കാരായി പണം കൈമാറിയതെന്ന ആരോപണമാണ് പുറത്ത് വന്നിരിക്കുന്നത്.
പാടം നികത്തുന്നതിന് പൂഴിയുമായി എത്തിയ ടിപ്പർ നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏൽപ്പിച്ചെങ്കിലും ചട്ടം മറി കടന്ന് അന്ന് തന്നെ വാഹനം വിട്ടു നൽകിയിരുന്നു. രാത്രി കാലങ്ങളിൽ ടിപ്പർ ലോറികളിൽ പൂഴിമണൽ കൊണ്ടു വന്ന് പാടം നികത്തുന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാർ പറയുന്നു. വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയ പാടമാണ് വിലക്ക് മറികടന്ന് നികത്തി കൊണ്ടിരുന്നത്.
പാടം നികത്തുന്നത് നിർത്തി വച്ച് പൂർവ്വ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് മട്ടാഞ്ചേരി സ്വാശ്രയ കെ.പ്രഭാകരൻ മുഖ്യമന്ത്രിക്കും റെവന്യുമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ വിളിച്ചു വരുത്തി മന്ത്രിക്ക് പരാതി നൽകിയാളെ ഭൂവുടമകളുടെ മുമ്പിൽ വച്ച് ആക്ഷേപിക്കുകയും പരാതി വലിച്ചെറിയുകയും ചെയ്തതായി പരാതിക്കാരൻ പറഞ്ഞു.
പാടം നികത്തുന്നത് സംബന്ധിച്ച് പോലീസിന് പരാതി നൽകിയിട്ടില്ലെന്നും മന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് മാത്രമാണ് നൽകിയതെന്നും പരാതിക്കാരൻ പറയുന്നു.പരാതിയിൽ ഭൂവുടമകളെ പറ്റി പരാമർശിച്ചില്ലെന്നും തനിക്ക് അറിവില്ലാത്ത ഭൂവുടമകളെ പോലീസ് വിളിച്ചു വരുത്തുകയും അവരുടെ മുൻപിൽ വച്ച് ആക്ഷേപിച്ചതിനും മാനസിക ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ പെരുമാറിയെന്നും കാണിച്ച് ഡിജിപിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയതായി കെ.പ്രഭാകരൻ പറഞ്ഞു.