കളമശേരി: സീപോർട്ട് എയർപോർട്ട് കടന്നു പോകുന്ന സമീപ പ്രദേശങ്ങളിൽ പാടശേഖരങ്ങളും തണ്ണീർതടങ്ങളും വൻതോതിൽ നികത്തുന്നു. ഇതിനെതിരേ പ്രതികരിക്കുന്നവരുടെ വീടുകളിൽ ചെന്ന് ഭൂമാഫിയ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
കളമശേരി നഗരസഭയിലെ 8, 11 വാർഡുകളിൽപ്പെടുന്ന കരിപ്പാശേരി തൂമ്പുങ്കൽ തോടിന്റെ ഇരുവശങ്ങളിലാണ് ലോഡ് കണക്കിന് മണ്ണ് രാത്രി കാലങ്ങളിൽ നിക്ഷേപിക്കുന്നത്. അതിനുശേഷം പാടം നികത്തുകയാണ് ചെയ്യുന്നത്. മണ്ണിട്ട് നികത്തുന്ന സമയത്ത് തടുക്കാൻ ചെല്ലുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായി പ്രദേശവാസികൾ പറയുന്നു.
കളമശേരി പോലീസിനെ അറിയിച്ചാൽ ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞാണ് പോലീസ് സ്ഥലത്ത് എത്തുന്നത്. മണ്ണിടാനും നികത്താനും ഉപയോഗിച്ച വാഹനം എടുത്ത് മാറ്റാനുള്ള സമയം പോലീസ് കൊടുക്കുന്നതാണെന്ന് ആക്ഷേപമുണ്ട്.
വില്ലേജ് ഓഫീസിൽ പരാതിപ്പെട്ടാൽ ഒരു സ്റ്റോപ്പ് മെമ്മോ കൊടുത്ത് തലയൂരും. തുടർ നടപടികൾ ആർഡിഒ എടുക്കണമെന്നാണ് അവരുടെ നിലപാട്. കളമശേരി നഗരസഭയും അന്വേഷണം നടത്താൻ ഉത്തരവിട്ട ശേഷം കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് സാമൂഹ്യ പ്രവർത്തകനായ ജിയാസ് ജമാൽ പറഞ്ഞു.
നികത്തിയ പാടശേഖരങ്ങളിൽ വാഴ, തെങ്ങ്, കപ്പ തുടങ്ങിയവ വച്ചുപിടിപ്പിക്കുകയാണ് ഇതിന്റെ രണ്ടാം ഘട്ടം. മണ്ണ് ഉറച്ചു കഴിഞ്ഞാൽ താൽക്കാലിക ഗോഡൗൺ എന്ന പേരിൽ വാടകയ്ക്കു കൊടുക്കുകയുമാണ് മാഫിയയുടെ ലക്ഷ്യം. വർഷങ്ങൾ നീളുന്ന ഈ പ്രക്രിയയിലൂടെ അപ്പോഴേക്കും കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള ഡേറ്റാ ബാങ്ക് നിർണ്ണയ സമിതി നിലം കരഭൂമിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ടവർ തയാറാക്കി കൊടുക്കുകയും ചെയ്യും.
ഈ സമിതിയിൽ റവന്യൂ, നഗരസഭ പ്രതിനിധികളുമുണ്ട്. ഇവരുടെ ഒത്താശയോടെയാണ് നിലംനികത്തൽ വ്യാപകമായി നടക്കുന്നത്. ഭാവിയിൽ കളമശേരി കേന്ദ്രീകരിച്ച് ഉണ്ടാകുന്ന വികസന സാധ്യതകളാണ് ഭൂമാഫിയയെ ആകർഷിക്കുന്നത്. കൈക്കൂലിയായി നൽകുന്ന തുക നൂറിരട്ടിയായി തിരിച്ചുപിടിക്കാനാകുമെന്ന ശുഭപ്രതീക്ഷയും ഇവർക്കുണ്ട്. എതിർ നീക്കങ്ങളുണ്ടെങ്കിൽ വിവരങ്ങൾ ചോർത്തി തരാനും മുന്നറിയിപ്പ് നൽകാനും പോലീസിലടക്കം ചാരന്മാരുമുണ്ട്.
ഒരു ലോഡ് മണ്ണ് കടത്തുമ്പോൾ പ്രാദേശിക നേതാക്കന്മാർക്കും പോലീസുകാർക്കുമായി 600 മുതൽ 700 രൂപ വരെ കൈമടക്ക് നൽകുന്നുണ്ടെന്നത് ഇവിടെ പാട്ടാണ്. ഇതിനിടയിൽ വിവരവകാശ രേഖകൾ കാണിച്ച് വ്യാജ പരിസ്ഥിതിവാദികളും ഇവരിൽനിന്ന് തുക വാങ്ങുന്നതായും സൂചനയുണ്ട്.