വാഴക്കുളം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം കളക്ടർ നൽകിയ ഉത്തരവ് പാലിക്കുന്നില്ലെന്ന് പരാതി. അനധികൃതമായി നിലം പരിവർത്തനം ചെയ്തത് പൂർവസ്ഥിതിയിലാക്കാനുള്ള കളക്ടറുടെ ഉത്തരവാണ് കാലാവധി കഴിഞ്ഞ് ഒന്നര മാസമായിട്ടും പാലിക്കപ്പെടാത്തതായി പരാതി ഉയർന്നിട്ടുള്ളത്.
നെൽപ്പാടത്തിനു സമീപം ജലപ്രവാഹമുണ്ടാകുന്ന തോട്ടിൽ ആയവന പഞ്ചായത്ത് ഏനാനല്ലൂർ തേവർപാടം ഷാജി തോമസ് അനധികൃതമായി സ്ഥാപിച്ച കോണ്ക്രീറ്റ് പൈപ്പ് നീക്കം ചെയ്യാനും നെൽപ്പാടം മണ്ണിട്ട് നികത്തിയത് പൂർവസ്ഥിതിയിലാക്കുന്നതിനുമാണ് ജില്ല കളക്ടർ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്. മാർച്ച് 31നകം ഇക്കാര്യങ്ങൾ പൂർത്തീകരിക്കാനുള്ള നിർദ്ദേശമാണ് വില്ലേജ് ഓഫീസർക്കും നൽകിയിട്ടുള്ളത്.
എന്നാൽ അനുവദിച്ച സമയപരിധിക്കു ശേഷം 45 ദിവസങ്ങൾ കഴിഞ്ഞിട്ടും പൈപ്പ് നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചിട്ടില്ല. ഷാജി പൈപ്പു സ്ഥാപിച്ച് മണ്ണിട്ട നിലത്തിനു ചുറ്റുമുള്ള നെൽപ്പാട ഉടമകളാണ് ഒന്നരയേക്കറോളം വരുന്ന കൃഷിയിടത്തിൽ വെള്ളക്കെട്ട് ശല്യമുണ്ടാക്കുന്നതായി മൂന്നു വർഷം മുന്പ് കൃഷി ഓഫീസർക്കും റവന്യൂ മന്ത്രിക്കും പരാതി നൽകിയത്.
മഴക്കാലത്ത് തോട്ടിലൂടെ ഒഴുകുന്ന വെള്ളം കടന്നു പോകുന്നതിന് പര്യാപ്തമായ പൈപ്പ് അല്ല ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. വെള്ളം ഒഴുകിപ്പോകാതെ കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടാക്കുന്നത് പതിവായതിനാൽ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും പരാതിക്കാർ പറയുന്നു.
മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി പിഡബ്ല്യുഡി റോഡിന്റെ വശങ്ങൾ ഇടിയുന്നതിനും ഇതു കാരണമാണെന്ന് ഇവർ പറയുന്നു. ആയവന കൃഷി ഓഫീസറുടെ റിപ്പോർട്ടു പ്രകാരം ആർഡിഒ സ്ഥലം സന്ദർശിച്ച് ഇക്കാര്യങ്ങളെല്ലാം നേരിൽ ബോധ്യപ്പെട്ട് പൈപ്പ് നീക്കി തോട് പുനസ്ഥാപിക്കണമെന്നും മണ്ണ് തോടിന് ഇരുപുറവുമായി നിരത്തണമെന്നും രണ്ടു വർഷം മുന്പുതന്നെ നിർദേശം നൽകിയിരുന്നതുമാണ്.
എന്നാൽ ഇത് പാലിക്കാതെ വന്നതോടെ വിശദവിവരങ്ങളെല്ലാം കാണിച്ച് സമീപ സ്ഥല ഉടമകളായ ടോമി വർഗീസ് തേവർപാടം, ഫിലോമിന ജോണ് നെല്ലിക്കുന്നേൽ, ടി.വി. ജോസ് തേവർപാടം, ബെന്നി തേവർപാടം, സജി തേവർപാടം എന്നിവർ കളക്ടർക്കു പരാതി നൽകുകയായിരുന്നു. കളക്ടറുടെ ഉത്തരവും പാലിക്കപ്പെടാത്ത സാഹചര്യമാണ് ഇപ്പോഴുളളതെന്നും പരാതിക്കാർ പറയുന്നു.
ഏതാനും ദിവസങ്ങൾക്കകം മഴക്കാലമെത്തി തോടുകളിൽ വെള്ളം നിറയുന്പോൾ ഒന്നരയേക്കറിൽ കൃഷി നാശമുണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ. കളക്ടറുടെ ഉത്തരവ് നടപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.