കോതമംഗലം: പൊതുഅവധിയുടെ മറവിൽ അധികൃതരുടെ ഒത്താശയോടെ താലൂക്കിന്റെ വിവിധ ഭാഗത്ത് പാടവും തണ്ണീർത്തടവും നികത്തിയതായി പരാതി. പാടവും തണ്ണീർത്തടവും സംരക്ഷിക്കുമെന്ന സർക്കാർ പ്രഖ്യാപനവും നിയമവും കാറ്റിൽ പറത്തി ക്വട്ടേഷൻ സംഘങ്ങളുടെ കാവലോടെയാണ് നികത്തൽ തകൃതിയായി നടന്നത്. ആയപ്പാറ, പുലിമല, വാരപ്പെട്ടി പ്രദേശത്ത് കഴിഞ്ഞ പൊതുഅവധി ദിവസങ്ങളിലായിരുന്നു പാടം നികത്തൽ. റവന്യു, പോലീസ് അധികൃതകരുടെ ഒത്താശയോടയാണ് നികത്തൽ നടത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
കോട്ടപ്പടി തോളേലി ഭാഗത്തുനിന്നാണ് നികത്താൻ മണ്ണെടുത്തിരിക്കുന്നത്. രാത്രി 11 മുതൽ പുലർച്ചെ വരെയുള്ള സമയത്താണ് മണ്ണ് കടത്തും നികത്തലും നടന്നത്. മണ്ണുമായി വരുന്ന ടിപ്പറിന് പ്രധാന റോഡിലും ലിങ്ക് റോഡുകളിലും പാടം നികത്തുന്ന ഇടത്തും ക്വട്ടേഷൻ സംഘങ്ങൾ കാവലിനും നിരീക്ഷണത്തിനുമുണ്ടായിരുന്നു. ആയപ്പാറ മുതൽ ആയക്കാട് വരെയുള്ള വിസ്തൃതമായ പാടശേഖരത്തിലേക്കാണ് ലോഡു കണക്കിന് മണ്ണിട്ടിരിക്കുന്നത്.
ഉദ്ദേശം 20 ഏക്കർ വരുന്ന പാടശേഖരത്തിൽ അഞ്ച് ഏക്കറോളം വരുന്ന ചെങ്ങേത്തുകണ്ടം പാടത്തിലാണ് നികത്തൽ സജീവമായിരുക്കുന്നത്. നികത്തിലിനു മുന്നോടിയായി 12 പറ പാടത്ത് ബണ്ട് കീറി മറ്റു കൃഷികളും ചെയ്തു കഴിഞ്ഞു. പാടത്തിന് അരികിലൂടെയുള്ള കൈത്തോടും നടപ്പുവഴിയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നികത്തിയത്.ആയപ്പാറയിൽ തുടങ്ങി ആയക്കാട് കുന്നത്തറ തോട്ടിൽ ചേരുന്ന കൈത്തോടാണിത്.
പതിറ്റാണ്ടുകളായുള്ള തോട് മഴക്കാലത്ത് പെയ്ത്തു വെള്ളം പാടത്ത് നിറഞ്ഞ് കൃഷി നശിക്കാതിരിക്കാൻ സഹായകമായിരുന്നു. ഉദ്ദേശം 40 മീറ്റർ നീളത്തിൽ നാലു മീറ്റർ വീതിയിലാണ് തോട് നികത്തിയിരിക്കുന്നത്. പത്ത് ടിപ്പറുകളിലായി 60 ലോഡ് മണ്ണ് വീണു കഴിഞ്ഞു. തോട് നികന്നതിനാൽ മഴവെള്ളം ഒഴുകി പോകാനാവാതെ പാടശേഖരം വെള്ളക്കെട്ടിലായി കൃഷി നശിക്കും.
ജനുവരിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് കരിങ്കൽകെട്ടി വഴിയുണ്ടാക്കാനുള്ള നീക്കം ദീപിക വാർത്തയെത്തുടർന്ന് അധികൃതർ ഇടപ്പെട്ട് തടഞ്ഞിരുന്നു. പാടശേഖരത്തിനു ചുറ്റും വഴിയുണ്ടാക്കി മൊത്തം നികത്താനാണ് ഭൂമാഫിയുടെ നീക്കം. കൃഷി വകുപ്പ് ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.