തേഞ്ഞിപ്പലം: ചേലേന്പ്രയിലും പെരുവള്ളൂരിലും വയൽ നികത്തൽ വ്യാപകം. റവന്യൂ അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്ന് പെരുവള്ളൂരിൽ വയൽ നികത്താനുള്ള ശ്രമം നാട്ടുകാർ ഇടപെട്ടു തടഞ്ഞു. ഒളകര പാടശേഖര സമിതിയിൽ പെട്ട 44 സെന്റ് കൃഷി ഭൂമി മണ്ണിട്ട് ഉയർത്താനാണ് ശ്രമം. ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന പ്രദേശമാണിതെന്നു കർഷകർ പറഞ്ഞു.
പരാതി നൽകിയിട്ടും റവന്യൂ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ തയാറായില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. സ്ഥലം ഉടമയോടു പ്രവൃത്തി നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായും ഇന്നു സ്ഥലം സന്ദർശിച്ചു നടപടികൾ കൈകൊള്ളുമെന്നുമാണ് വില്ലേജ് ഓഫീസിൽ നിന്നു ലഭിക്കുന്ന വിവരം.
വയലിനോട് ചേർന്നുള്ള ചെറിയ തോടിന്റെ ഒരു ഭാഗം മാത്രം ആഴം കൂട്ടി മണ്ണു ശേഖരിച്ചും തൊട്ടടുത്തു കൃഷിക്കാവശ്യമായ വെള്ളം ശേഖരിക്കുന്നതിനു ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കുളത്തിൽ നിന്നു മാറ്റിയിട്ട മണ്ണ് ജെസിബി ഉപയോഗിച്ചു വയലിൽ പരത്തിയുമാണ് വയൽ നികത്താൻ ശ്രമം നടത്തിയിരിക്കുന്നത്.
ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രവൃത്തി തടയുകയും വിവധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ വയലിൽ കൊടി നാട്ടുകയുമായിരുന്നു. ചേലേന്പ്രയിൽ പതിനൊന്നാം വാർഡിലെ പഴയ ബാങ്കിനു സമീപത്താണ് ഇരുട്ടിന്റെ മറവിൽ വയൽ നികത്തൽ. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചേലേന്പ്ര വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫീസർ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.