ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ പതഞ്ജലി ആയുർവേദിനു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. തെറ്റിദ്ധാരണാജനകമായ പരസ്യങ്ങളിലൂടെ രാജ്യത്തെ മുഴുവൻ പതഞ്ജലി പറ്റിച്ചെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, രോഗങ്ങളോ മറ്റ് മെഡിക്കൽ അവസ്ഥകളോ സംബന്ധിച്ച ഉത്പന്നങ്ങൾ പരസ്യം ചെയ്യുന്നതിൽനിന്നു കമ്പനിയെ വിലക്കുകയും ചെയ്തു.
പതഞ്ജലിക്കും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസും അയച്ചു. നോട്ടീസിനു മറുപടി നൽകാൻ പതഞ്ജലിക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിലാണു നടപടി. പ്രമേഹവും ആസ്ത്മയും ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾ ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പതഞ്ജലി ആയുർവേദ് നിയമം ലംഘിച്ച് പരസ്യം നൽകിയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ പിഎസ് പട്വാലിയ വാദിച്ചു.