തലശേരി: വാഗ്ദാനവും പ്രചാരണങ്ങളും വെറും വാക്കായി. ഒപ്പമുണ്ടെന്ന് പരസ്യത്തില്‍ ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാർഥികളുടെ കൂടെയില്ല. മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകത്തില്‍ ഇനിയും പാഠപുസ്തകം എത്തിയില്ല. തലശേരി ഗവണ്മെന്റ് ബ്രണ്ണന്‍ ഹയര്‍ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ അഞ്ച് സ്കൂളുകളിലാണ് സ്കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിട്ടും പുസ്തകങ്ങളെത്താത്തത്. അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ ഇംഗ്ലീഷ് , ഹിന്ദി, മലയാളം പുസ്തകങ്ങളാണ് ലഭിക്കാത്തത്. പത്താം തരം ഇംഗ്ലീഷ് മീഡിയത്തിലെ ഒരു പുസ്തകവും എത്തിയിട്ടില്ല.
പൊതു വിദ്യഭ്യാസം ശക്തിപ്പെടുത്തുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴാണ് 150 വര്‍ഷത്തെ പാരമ്പര്യമുള്ള തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പോലും പുസ്തകമെത്താത്തത്. മേയിൽ നല്കിയ ഇന്റന്റില്‍ വന്ന പിശകാണ് പുസ്തകം എത്താന്‍ വൈകിയതിനു പിന്നിലെന്നാണ് ബുക്ക് ഡിപ്പോ അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഇന്റന്റിലെ പിശക് മേയിൽ തന്നെ തിരുത്തിയിട്ടുണ്ടന്നും പുസ്തകം എത്തിക്കാത്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഒരു വിഭാഗം അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. പുസ്കങ്ങളെത്താതതിനാല് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. പഴയ പുസ്തകങ്ങള്‍ ശേഖരിക്കാനുള്ള നെട്ടോട്ടത്തിലാണ് അധ്യാപകരും വിദ്യര്‍ഥികളും.
പുസ്തകമെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും: എ.എന്‍. ഷംസീര്‍ എംഎല്‍എ
തലശേരി: ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പുസ്തകമെത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എ. പുസ്തകമെത്താത്ത വിവരം ഇന്നാണ് തന്റെ ശ്രദ്ധയിൽപ്പെട്ടത്. ഡിഡിഇയുമായി ബന്ധപ്പെട്ട് അടിയന്തരനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.