എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: കണ്ണുകളെ വിശ്വസിക്കുവാൻ കഴിയുന്നില്ല എന്നു പലപ്പോഴും ആലങ്കാരികമായി പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ അക്ഷരാർഥത്തിൽ നമ്മുടെ കണ്ണുകളെ നമുക്കു തന്നെ വിശ്വസിക്കുവാൻ കഴിയാത്ത ഒരു കാഴ്ച പുലയനാർകോട്ട, തുറുവിക്കൽ സപ്തരംഗം ലെയിനിലെ കേശവത്തിലുണ്ട്. വീടിന്റെ മട്ടുപ്പാവിൽ രണ്ടേകാലിൽ അധികം മീറ്റർ നീളത്തിൽ നീണ്ടു വിളഞ്ഞു കിടക്കുകയാണ് മനോഹരങ്ങളായ പടവലങ്ങകൾ.
കൃഷിയ്ക്കു വേണ്ടി ജീവിതം അർപ്പിച്ച ആനന്ദനും സഹോദരി ജാംബവതിയും ചേർന്നു വിളയിച്ചെടുത്തതാണ് ഈ പടവല സമൃദ്ധി. മട്ടുപ്പാവിലെ നിലത്തിൽ പടലങ്ങകൾ മുട്ടി നില്ക്കുന്നതിനാൽ ഇവയെ കയർ കെട്ടി വളച്ചെടുക്കേണ്ടി വന്നു ആനന്ദനും ജാംബവതിക്കും. ഇല്ലെങ്കിൽ കർഷക രംഗത്തെ നിലവിലുള്ള റിക്കാർഡുകൾ ഭേദിച്ച് കൊണ്ട് അവ ഇനിയും വലിയ നീളത്തിൽ താഴേക്കു വളർന്നേനെ…
ഇത്രനീളത്തിൽ പടവലങ്ങകൾ കായ്ക്കുമെന്നു അറിയാത്തതിനാൽ സാധാരണ പടവലങ്ങകൾ പടർത്തുന്ന പോലെയാണ് പടർത്തിയത് എന്നു ഈ കർഷക സഹോദരങ്ങൾ പറയുന്നു. വിജിലൻസ് ട്രിബ്യൂണൽ കോടതിയിൽ നിന്നും വിരമിച്ച ആനന്ദൻ വഞ്ചിയൂരിലെ ഒരു കടയിൽ നിന്നുമാണ് പത്ത് പടവലങ്ങ വിത്ത് വാങ്ങിയത്.
അഞ്ച് എണ്ണം പത്ത് രൂപയ്ക്കു അഞ്ചെണ്ണം സൗജന്യമായും പരിചയക്കാരനായ കടയുടമ നൽകി. വിത്തുകൾ എല്ലാം പാകിയെങ്കിലും രണ്ടെണ്ണം മാത്രമേ കിളിർത്തുള്ളു. അതിൽ ഒരെണ്ണം മാത്രം പ്രകൃതിയുടെ വരദാനം പോലെ വളരുകയും ചെയ്തു. പിന്നീട് പടവലങ്ങ ചെടിയെ ടെറസിലേക്കു പടർത്തുകയായിരുന്നു. തികച്ചും ജൈവ രീതിയിൽ ആയിരുന്നു പരിചരണം.
ചെറിയ ചെടിയായിരുന്നപ്പോൾ ചുവട്ടിൽ പുഴു കുത്തിയിരുന്നു. വളരെ പ്രയാസപ്പെട്ട് പുഴുവിനെ മാറ്റി ചെടിയുടെ തണ്ടിൽ സ്യൂഡോമോണാസ് മിശ്രിതം വച്ച് പ്ലാസ്റ്റിക് കൊണ്ട് കെട്ടിവച്ചു. മട്ടുപ്പാവിലേക്കു പടർത്തിയ ചെടി മൂന്നു മാസം കഴിഞ്ഞപ്പോൾ കായ്ച്ചു. ആദ്യ കായ്കൾ നാരുപോലെ നേർത്തതായിരുന്നു. പതിവനുസരിച്ച് കായ്കളെ സംരക്ഷിക്കുവാൻ പേപ്പർ കവർ കെട്ടി വച്ചിരുന്നു. കായുടെ ചുവട്ടിൽ ചെറിയ കല്ലും കെട്ടിയിട്ടു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ മണ്ണിന്റെ ഒരു മാന്ത്രിക പ്രകടനം പോലെ പേപ്പർ ബാഗിന്റെ ആവരണത്തെ തട്ടിമാറ്റി പടവലങ്ങ വളർന്നു തുടങ്ങി.
ആനന്ദനെയും ജാംബവതിയെയും അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു പിന്നീട് ഓരോ ദിവസവും പടവലങ്ങയുടെ വളർച്ച. ഇപ്പോൾ കൃഷി സ്നേഹികൾക്കു കൗതുകരമാം വിധത്തിൽ ടെറസിൽ പടവലങ്ങയുടെ വസന്തമാണ്.
വിവിധ ഇനം പച്ചക്കറികൾ, പുഷ്പങ്ങൾ ഉൾപ്പെടെ സന്പന്നമായൊരു കൃഷിത്തോട്ടം കേശവത്തിലെ മട്ടുപ്പാവിലുണ്ട്. പാരന്പര്യ കർഷക കുട്ടുംബാംഗങ്ങളായ ആനന്ദനും ജാംബവതിയും നീണ്ടവർഷങ്ങളായി സ്വന്തമായി കൃഷി ചെയ്തു വരുന്നു. ജൈവ കർഷകൻ ആർ. രവീന്ദ്രൻ നേതൃത്വം നല്കുന്ന ആത്മപ്രാക്ടിക്കൽ ഫീൽഡ് ട്രെയിനിംഗ് സ്കൂളിൽ നിന്നുമാണ് കൃഷിയുടെ അനന്ത സാധ്യതകൾ ഇവർ മനസിലാക്കുന്നത്.