ഇരിങ്ങാലക്കുട: മുൻ തലമുറ കാത്തുസൂക്ഷിച്ച പ്രകൃതിയോട് പുതിയ തലമുറ ചെയ്ത കൊടുംക്രൂരതകൾക്കു പരിഹാരമായി പ്രകൃതിയിലൂടെ യുവക്കൂട്ടായ്മയുടെ പാപപരിഹാര പദയാത്ര. കൈയിൽ മരക്കുരിശും ജപമാലയും ചുണ്ടിൽ പ്രാർത്ഥനാമന്ത്രങ്ങളുമായി പുല്ലൂർ, തുറവൻകുന്ന്, കുഴിക്കാട്ടുകോണം, മാടായിക്കോണം എന്നിവിടങ്ങളിലെ ഉൾനാടൻ പാതകളിലൂടെയും കല്ലേരിക്കടവിലെ പാടവരന്പുകളിലൂടെയും ഊരകം സിഎൽസിയുടെ നേതൃത്വത്തിലാണു ശ്രദ്ധേയമായ പദയാത്ര നടത്തിയത്.
ദൈവം കനിഞ്ഞുനൽകിയ ഭൂമിയെയും പ്രകൃതിയെയും നിലനിർത്തുക, മരങ്ങളെയും മലകളെയും ജലാശയങ്ങളെയും സംരക്ഷിക്കുക, ആവശ്യമായ മഴയും വിഷമില്ലാത്ത ഭക്ഷണപദാർഥങ്ങളും ശുദ്ധമായ വെള്ളവും മലിനമാകാത്ത വായുവും നഷ്ടപ്പെട്ട സംസ്കൃതിയും സംസ്കാരവും വീണ്ടെടുക്കുക എന്നീ സന്ദേശങ്ങൾ ഉയർത്തിയായിരുന്നു പദയാത്ര.
ഉൗരകം സെന്റ് ജോസഫ്സ് പള്ളിയുടെ ശതോത്തര സുവർണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി നടത്തിയ പദയാത്ര ഉൗരകം പള്ളിയങ്കണത്തിൽ വികാരി റവ.ഡോ. ബെഞ്ചമിൻ ചിറയത്ത് ഉദ്ഘാടനം ചെയ്തു. മാപ്രാണം വിശുദ്ധ കുരിശിന്റെ തീർഥാടന കേന്ദ്രത്തിലെത്തിയ പദയാത്രയെ റെക്ടർ റവ.ഡോ. ജോജോ ആന്റണി തൊടുപറന്പിൽ, സഹ വികാരി ഫാ. റീസ് വടാശേരി എന്നിവർ ചേർന്നു സ്വീകരിച്ചു.
തുറവൻകുന്ന് പള്ളിയിൽ വികാരി റവ. ഡോ. ആന്റോ കരിപ്പായി സന്ദേശം നൽകി.ജനറൽ കണ്‍വീനർ തോമസ് തത്തംപിള്ളി, കൈക്കാരൻ പി.എൽ. ജോസ്, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, സിഎൽസി ഭാരവാഹികളായ ക്രിസ്റ്റീൻ സ്റ്റീഫൻ, അലക്സ് ജോസ്, സോന ജോയ്, സിബി ജേക്കബ് എന്നിവർ നേതൃത്വം നൽകി.