കൊച്ചി: പീഡനക്കേസില്‍ പ്രതിയായ സംവിധായകന് ലിജു കൃഷ്ണയുടെ പടവെട്ട് എന്ന പുതിയ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ലിജു കൃഷ്ണയ്ക്കെതിരേ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും വിചാരണ പൂര്‍ത്തിയാകുന്നതുവരെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും ജസ്റ്റീസ് വി.ജി അരുണ്‍ ഈയാവശ്യങ്ങള്‍ നിരസിക്കുകയായിരുന്നു.
നിവിന്‍ പോളി നായകനായ പടവെട്ട് എന്ന സിനിമയുടെ തിരക്കഥയിലുള്‍പ്പെടെ വിലയേറിയ നിര്‍ദേശങ്ങളും സഹായങ്ങളും താന്‍ നല്‍കിയിട്ടുണ്ടെന്നും ഇവയുടെ ക്രെഡിറ്റ് തട്ടിയെടുത്ത് ലിജുകൃഷ്ണ ചിത്രം പുറത്തിറക്കുന്നത് തന്നോടു കാട്ടുന്ന നീതികേടാണെന്നും യുവതി ആരോപിച്ചിരുന്നു.
പടവെട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന ഘട്ടത്തിലാണ് യുവതി ലിജുവിനെതിരേ പരാതി നല്‍കിയത്. 2020 മുതല്‍ സംവിധായകന് തന്നെ പീഡിപ്പിച്ചെന്നാരോപിച്ചാണ് യുവതി പോലീസിനെ സമീപിച്ചത്.
തുടര്‍ന്ന് കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്ന് ലിജുവിനെ അറസ്റ്റും ചെയ്തിരുന്നു. ഈ സിനിമയുടെ ലൊക്കേഷനില്‍ ആഭ്യന്തര പരാതി സമിതി ഇല്ലാത്തതിനാല്‍ തനിക്ക് ലിജുവിനെതിരെ പരാതി നല്കാന് കഴിഞ്ഞില്ലെന്നും ഹര്‍ജിക്കാരി വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനു പരാതി നല്‍കിയിരുന്നു.
എന്നാല്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ആ നിലയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ എതിര് കക്ഷികളായ കേന്ദ്ര സര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും വിശദീകരിച്ചു. ഇതു കണക്കിലെടുത്താണ് സിംഗിള്‍ബെഞ്ച് ഹര്‍ജി തള്ളിയത്.