ഇടുക്കി: മൂന്നാറിൽ പരാക്രമവുമായി പടയപ്പ വീണ്ടും ഇറങ്ങി. ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻകടയാണ് പടയപ്പ തകർത്തത്.
പുലർച്ചെ എസ്റ്റേറ്റിലെത്തിയ ആന റേഷൻകടയുടെ മേൽക്കൂര തകർത്താണ് അരി അകത്താക്കിയത്. തുടർന്ന് ആനയെ നാട്ടുകാർ ശബ്ദമുണ്ടാക്കി തിരികെ കാട്ടിലേക്ക് അയച്ചു.
രണ്ട് ദിവസമായി കാട്ടാന ജനവാസ മേഖലയിൽ ഉണ്ടെന്ന് ജനങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം ഗ്യാപ്പ് റോഡിൽ ഇറങ്ങിയ പടയപ്പ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം ആനയെ പ്രകോപിപ്പിച്ച് ജീപ്പിൽ യാത്ര ചെയ്ത യാത്രക്കാർക്കെതിരെ വനംവകുപ്പ് കേസെടുത്തു. ആനയെ ഇത്തരത്തിൽ പ്രകോപിപ്പിക്കുന്നതാണ് ആക്രമണത്തിന് കാരണമെന്ന് വനംവകുപ്പ് വ്യക്തമാക്കി. പടയപ്പയെ പ്രകോപിപ്പിച്ച ജീപ്പ് യാത്രക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
എന്നാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന പടയപ്പ ഭക്ഷണം കഴിച്ച് മടങ്ങുന്നതല്ലാതെ ഇതുവരെ ആരെയും ആക്രമിച്ചിട്ടെല്ലന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രകോപിപ്പിക്കുന്നതിനാലാണ് ആന ഇത്തരത്തിൽ അക്രമകാരിയാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.