കൊച്ചി: അതിമാരക മയക്കുമരുന്നായ നൈട്രാസെപാം ഗുളികളുമായി പിടിയിലായ പടയപ്പ ബ്രദേഴ്സിനെതിരേ വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.
പടയപ്പ ബ്രദേഴ്സ് എന്ന പ്രത്യേക തരം കോഡില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന എളംകുളം ഐശ്വര്യ ലൈനില്‍ പണ്ടാതുരുത്തി വീട്ടില്‍ വിഷ്ണു പ്രസാദ് (29) എറണാകുളം ഏലൂര്‍ ഡിപ്പോ പുന്നക്കല്‍ വീട്ടില്‍ ടോമി ജോര്‍ജ് (35) എന്നിവരെയാണ് കഴിഞ്ഞദിവസം എക്സൈസ് പിടികൂടിയത്.
ഇവരുടെ പക്കല്‍നിന്ന് അതിമാരക മയക്കുമരുന്നായ 130 നൈട്രാസെപാം ഗുളികകളാണ് എക്സൈസ് പിടിച്ചെടുത്തത്. വിഷ്ണു പ്രസാദിന്റെ കൈയില്‍നിന്ന് 50 എണ്ണം ഗുളികകളും ടോമി ജോര്‍ജിന്റെ പക്കല്‍ നിന്ന് 80 എണ്ണം ഗുളികകളുമാണ് കണ്ടെടുത്തത്.
ഇത്തരത്തിലുള്ള മയക്ക് മരുന്ന് ഗുളികള്‍ 20 ഗ്രാമിലധികം കൈവശം വക്കുന്നത് 10 വര്‍ഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്ത ലഹരി മരുന്ന് ഗുളികകള്‍ 70 ഗ്രാമോളം തൂക്കം വരുന്നതാണ്.
ഇവര്‍ക്ക് ഇത്രയധികം ഗുളികകള്‍ എവിടെനിന്ന് ലഭിച്ചു എന്നത് സംബന്ധിച്ചാണ് എക്സൈസിന്റെ അന്വേഷണം. ചോദ്യം ചെയ്യലില്‍ പിടിയിലായ ടോമി ജോര്‍ജ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങി എന്നാണ് ആവര്‍ത്തിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അമിത ഭയം, ഉത്കണ്ഠ, എന്നിങ്ങനെയുള്ള മാസസീക വിഭ്രാന്തികള്‍ നേരിടുന്നവര്‍ക്ക് സമാശ്വാസത്തിനായി നല്കുന്ന ഈ ഗുളികകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍നിന്നും ലഭ്യമല്ല.
ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഗുളികകള്‍ ലഭിക്കുന്നത് സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും യുവതി യുവാക്കള്‍ക്കുമാണ് ഇവര്‍ പ്രധാനമായും മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. ഇത് ഉപയോഗിക്കാത്തവര്‍ക്ക് ഇവര്‍ ടെസ്റ്റ് ഡോസ് എന്ന രീതിയില്‍ മയക്ക് മരുന്ന് ഗുളിക ആദ്യം സൗജന്യമായി നല്‍കിയിരുന്നു.
ഇവരെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ തന്നെ എക്സൈസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെയ്നര്‍ റോഡിലെ ചേരാനെല്ലൂര്‍ സിഗ്നലിന് പടിഞ്ഞാറ് വശമുള്ള അണ്ടര്‍ പാസിന് സമീപത്ത് നിന്നാണ് വിഷ്ണുവിനെ പിടികൂടിയത്.
ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പാതാളം ഇഎസ്ഐ ജംഗ്ഷന് സമീപം മയക്ക് മരുന്നുമായി നില്‍ക്കുകയായിരുന്ന ടോമി ജോര്‍ജിനെ കൈയോടെ പിടികൂടുകയായിരുന്നു.