മൂന്നാര്‍: ജനവാസ മേഖലയില്‍നിന്നു പിന്മാറാന് തയാറാവാത്ത കാട്ടുകൊമ്പന് പടയപ്പ അക്രമാസക്തനായി തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടു വാഹനങ്ങളുടെ ചില്ലുകള്‍ കാട്ടുകൊമ്പന് അടിച്ചു തകര്‍ത്തു. കുറ്റിയാര്വാലിക്കു സമീപത്തായിരുന്നു സംഭവം.
സിനിമാ ഷൂട്ടിംഗിനായി മൂന്നാറിലെത്തിയ സംഘം സഞ്ചരിച്ച കാറുകള്‍ക്കു മുന്നിലാണ് അപ്രതീക്ഷിതമായി പടയപ്പ എത്തിയത്. പെട്ടെന്നുതന്നെ കാറുകള്‍ പിന്നോട്ട് എടുക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രമിച്ചെങ്കിലും വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ വേഗത്തില്‍ എടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ കാറുകളിലെ യാത്രക്കാര്‍ ബഹളം വയ്ക്കുകയായിരുന്നു. ഒരു കാറിന്റെ മുന്‍ വശത്തെയും മറ്റൊരു കാറിലെ പിന്‍ഭാഗത്തെ ചില്ലുമാണ് ആന തകര്‍ത്തത്.
ഏറെ നേരം ആശങ്കയുടെ മുള്‍മുനയില്‍ കഴിഞ്ഞ യാത്രക്കാര്‍ക്ക് ആന മാറിയ ശേഷമാണ് യാത്ര തുടരാനായത്. ഒരാഴ്ചയ്ക്കു മുമ്പ് ഇതേ റോഡില്‍ സ്കൂള്‍ കുട്ടികളുമായി എത്തിയ ബസിന്റെ നേര്‍ക്ക് പടയപ്പ പാഞ്ഞടുത്തിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ലോക്കാട് എസ്റ്റേറ്റിലെ ജനവാസ മേഖലകളില്‍ നിലയുറപ്പിച്ചിരുന്ന പടയപ്പ ദിവസങ്ങള്‍ക്കു മുമ്പ് മാട്ടുപ്പെട്ടി ഡാമിനു സമീപത്തുള്ള ആറു കടകള്‍ തകര്‍ത്തിരുന്നു. ഇതോടൊപ്പം പഞ്ചായത്ത് റോഡരികില്‍ സൂക്ഷിച്ചിരുന്ന മാലിന്യത്തൊട്ടികളും തകര്‍ത്തിരുന്നു.
രണ്ടു ദിവസം മുമ്പ് ഗൂഡാര്‍വിളയിലെ എസ്റ്റേറ്റിലെ തൊഴിലാളി ലയങ്ങള്‍ക്കു സമീപവും ആന എത്തിയിരുന്നു. ഗ്രാംസ്ലാന്ഡ് ഭാഗത്താണ് നിലവില്‍ കൊമ്പന് തമ്പടിച്ചിരിക്കുന്നത്. ഇവിടെ നിന്നും ആര്‍ആര്‍ടി സംഘം ആനയെ കാട്ടിലേക്ക് തുരത്തുവാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്. പൊതുവെ ശാന്തനായി കാണപ്പെട്ടിരുന്ന പടയപ്പ ഇപ്പോള്‍ തുടര്‍ച്ചയായി അക്രമാസക്തനാകുന്നത് മൂന്നാര്‍, ദേവികുളം മേഖലകളില്‍ വലിയ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.