മൂന്നാര്‍: ആശങ്കയുയര്‍ത്തി പടയപ്പ വീണ്ടും ജനവാസ മേഖലയില്‍. ദേവികുളം ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലെ മാനില ഡിവിഷനിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്. ലയങ്ങളുടെ സമീപത്തൂടെ പടയപ്പ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. നാട്ടുകാര്‍ ബഹളം വച്ചതോടെയാണ് കാട്ടു കൊമ്പന് ഇവിടെ നിന്നു മാറിയത്. നാലു ദിവസത്തോളമായി പടയപ്പ ഈ മേഖലയില്‍ തന്നെയാണ് നിലയുറപ്പിച്ചിരുന്നത്.
പലപ്പോഴും ശാന്തനായി കാണപ്പെട്ടിരുന്ന പടയപ്പ ഇപ്പോള്‍ ആക്രമണവാസനയും പതിവാക്കിയതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം സ്കൂള്‍ ബസിനു നേരേ പടയപ്പ പാഞ്ഞടുത്തിരുന്നു.
ഡ്രൈവര്‍ ഏറെ ദൂരം വാഹനം പിന്നോട്ട് ഓടിച്ചാണ് ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്. പടയപ്പ വാഹനത്തിനു നേരേ പാഞ്ഞടുക്കുന്നതും വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ഭയപ്പെട്ട് അലറിക്കരയുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ബസിനു കടന്നുപോകാന്‍ പാകത്തില്‍ പാതയോരത്തുനിന്നു മാറി കാട്ടില്‍ നിന്നിരുന്ന പടയപ്പ സ്കൂള്‍ ബസ് അടുത്തെത്തി ഇരപ്പിച്ചതു മൂലമുണ്ടായ പ്രകോപനം മൂലമാണു ബസിനു നേരേ തുമ്പിക്കൈ ഉയര്‍ത്തി പാഞ്ഞടുത്തതെന്നും ആരോപണമുയര്‍ന്നു.
18നു പുലര്‍ച്ചെ തലയാറില്‍ മറയൂര്‍ സ്വദേശി ബിബിന്‍ ജോസഫിന്റെ ഓട്ടോ പടയപ്പ അടിച്ചുതകര്‍ത്തിരുന്നു.ഒരു മാസം മുന്‍പു തലയാര്‍, എക്കോ പോയിന്റ്, ഗൂഡാര്‍വിള, ഗുണ്ടുമല എന്നിവിടങ്ങളില്‍ രണ്ടു വഴിയോരക്കടകളും അഞ്ച് ഷെഡുകളും നശിപ്പിച്ചിരുന്നു.
ഇതിനിടെ ആക്രമണ വാസന പതിവാക്കിയ പടയപ്പയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ആര്‍ആര്‍ടി (റാപ്പിഡ് റെസ്പോണ്‍സ് ടീം) സംഘത്തെ നിയോഗിച്ചു. 24 പേരടങ്ങുന്ന സംഘം രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പടയപ്പയെ നിരീക്ഷിച്ച് നീക്കങ്ങള്‍ വിലയിരുത്തും.