മറയൂര്: ബൈക്കില് സഞ്ചരിച്ചവര്ക്കു നേരേ കാട്ടുകൊമ്പന് പടയപ്പയുടെ ആക്രമണം. മറയൂര് സെന്റ് മൈക്കിള്സ് എല്പി സ്കൂളിലെ സുവര്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളില് പങ്കെടുക്കുന്ന കുട്ടികളെ മേക്കപ്പ് ചെയ്യാന് തൃശൂ രില് നിന്നെത്തിയ സംഘമാണ് അപകടത്തില്പ്പെട്ടത്.
കാറിലും ബൈക്കിലുമായി എത്തിയ സംഘത്തിനു നേരേ വാഗുവരൈയ്ക്ക് സമീപത്തു വച്ചാണ് പടയപ്പയുടെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. തൃശൂര് ആമ്പല്ലൂര് അളഗപ്പനഗര് വെളിയത്ത് ദില്ജ (40), മകന് ബിനില് (19) എന്നിവര്ക്കാണ് ആനയുടെ ആക്രമണത്തില് പരിക്കേറ്റത്.
ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ച ശേഷം പിന്നീട് വനംവകുപ്പിന്റെ ആംബുലന്സില് മൂന്നാര് ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. ഇന്നു പുലര്ച്ചെ വിദഗ്ധ ചികില്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി. ഇരുവര്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ആനയെ കണ്ട് ഭയന്ന് താഴെ വീണ ദില്ജയെ ആന കൊമ്പില് തോണ്ടി പൊക്കിയെടുത്തെറിയുകയായിരുന്നു. വീഴ്ചയില് കുഴിയിലേക്കു വീണ ദില്ജയ്ക്ക് ഇടുപ്പെല്ലിനു പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന മകന് ബിനില് ഓടി മാറിയെങ്കിലും വീണു പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന ആളുകള് ബഹളം വച്ചാണ് ആനയെ തുരത്തിയത്.
മൂന്നാര്, മറയൂര് മേഖലകളില് ഇപ്പോള് പടയപ്പയുടെ ആക്രമണം രൂക്ഷമായിട്ടുണ്ട്. പൊതുവെ ആക്രമണകാരിയല്ലാതിരുന്ന പടയപ്പ ഇപ്പോള് പതിവായി ആക്രമണ സ്വഭാവം കാട്ടുന്നത് ജനങ്ങളില് ഭീതിയുളവാക്കിയിട്ടുണ്ട്.