ചാവക്കാട്: പാവറട്ടി പോലീസ് മർദിച്ചതിനെത്തുടർന്ന് ജീവനൊടുക്കിയ ഏങ്ങണ്ടിയൂർ സ്വദേശി വിനായകന്റെ കുടുംബത്തിന് യുഡിഎഫ് അഞ്ചുലക്ഷം രൂപ നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പടയൊരുക്കം ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നൽകിയ ചടങ്ങിൽവച്ചാണ് ചെന്നിത്തല സഹായം പ്രഖ്യാപിച്ചത്.
വിനായകന്റെ വിഷയം നിയമസഭയിൽ ഉന്നിയിച്ചിട്ടും പിണറായി സർക്കാർ ഒന്നും ചെയ്തില്ല. യാത്രയുടെ ഭാഗമായി നടന്ന ഒപ്പുശേഖരത്തിൽ സമാഹരിച്ച ഒപ്പുകൾ വിനായകന്റെ മാതാപിതാക്കളായ കൃഷ്ണൻകുട്ടി-ഓമനയിൽനിന്നും ഏറ്റുവാങ്ങുന്പോഴായിരുന്നു രമേശ് യുഡിഎഫിന്റെ സഹായം അറിയിച്ചത്.
പടയൊരുക്കം ജാഥയുടെ സ്വീകരണം യുഡിഎഫിന്റെ ശക്തി പ്രകടനമായി. എ, ഐ ഗ്രൂപ്പുകളും ലീഗ് പ്രവർത്തകരും ഒരേ നിറത്തിലുള്ള സാരി ധരിച്ച വനിതകളും അണിനിരന്ന് ജാഥയക്ക് കരുത്തായി. അടുത്തകാലത്തൊന്നും ഇത്രയും ശക്തമായ പ്രകടനം നടത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.
ഗോപപ്രതാപന്റെ തിരിച്ചുവരവ് പാർട്ടിയിൽ പുതിയ ഉണർവ് വരുത്തിയിട്ടുണ്ട്. കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപനെ തിരിച്ചെടുത്തുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അറിയിച്ചത് സമ്മേളനം നിറകൈയ്യടിയോടെ സ്വീകരിച്ചു.