എടത്വ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് സ്വീകരണം നൽകാനായി എടത്വ ജംഗ്ഷനിൽ കെട്ടിയ കൊടികളും റിബണും ഫ്ളക്സ് ബോർഡുകളുമാണ് നശിപ്പിച്ചു. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.
കോണ്ഗ്രസ്സിന്േറയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും പ്രവർത്തകർ റോഡിന് കുറുകെ റിബണ്‍ വലിച്ച് കെട്ടുന്നതിനിടയിൽ ഒരു പറ്റം സിപിഎം പ്രവർത്തകർ എത്തി റിബണുകളും കൊടികളും നശിപ്പിക്കുകയായിരുന്നു എന്നും ഇത് കണ്ട് ഇവ മാറ്റി സ്ഥാപിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവർത്തകരായ പെരുവേലിൽ മനോജ്, പട്ടത്താനം ഷെബിൻ എന്നിവരെ സിപിഎമ്മുകാർ മർദിച്ചതായുമാണ് പരാതി.
ആക്രമണത്തിൽ ഷിബിന്റെ മുക്കിന് പൊട്ടലും മനോജിന്റെ തലയ്ക്കുമാണ് പരിക്ക്. പരിക്കേറ്റവരെ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നടത്തിയശേഷം ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയിൽ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ പിരിച്ച് വിടുകയായിരുന്നു.
പടയൊരുക്കം ജാഥക്ക് ഇന്ന് രാവിലെ 10.30 നായിരുന്നു എടത്വായിൽ സ്വീകരണം. സംഭവത്തെ തുടർന്ന് 45 മിനിറ്റോളം എടത്വ-തിരുവല്ലാ റോഡിൽ വാഹന ഗതാഗതവും തടസ്സപെട്ടു. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയെ തകർക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും യുഡിഎഫിന്റെ നേതൃത്വത്തിൽ തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതിനുള്ള പ്രതികാരമാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ അക്രമം അഴിച്ചു വിടുന്നത്.
എടത്വ ജംഗ്ഷനിൽ ഒരുമാസത്തിലധികമായി ബസ്സിന് പോലും പോവാൻ സാധിക്കാത്ത വിധത്തിൽ സിപിഎം തോരണങ്ങളും കൊടിയും കിടന്നിട്ടും ഇത് അഴിച്ച് മാറ്റാൻ ഇവർ തയ്യാറായിട്ടില്ലെന്നും ഇന്നത്തെ പരിപാടിക്ക് വേണ്ടി മാത്രമാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ കൊടിതോരണങ്ങൾ കെട്ടാൻ ശ്രമിച്ചതെന്നും കോണ്‍ഗ്രസ് കുട്ടനാട് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് വി.കെ. സേവ്യർ, യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര ലോക്സഭാ പ്രസിഡന്റ് സജി ജോസഫ് എന്നിവർ പറഞ്ഞു.