കടുത്തുരുത്തി: കർഷക പ്രതീക്ഷകൾക്ക് ജീവനേകി പ്രളയജലം വിഴുങ്ങിയ പ്രദേശത്തെ പാടശേഖരങ്ങൾ വീണ്ടും പച്ച പുതച്ചു. നിർദ്ധനരായ കർഷകർ പതിനായിരക്കണക്കിന് രൂപ മുടക്കി കൃഷിയിറക്കിയ പാടശേഖരങ്ങൾ പ്രളയജലം വിഴുങ്ങിയതോടെ ഏറെ നിരാശയിലായിരുന്നു. പ്രതിസന്ധികളും സാന്പത്തിക പരാധീനതകളുമെല്ലാം തരണം ചെയ്തു വീണ്ടും കൃഷിക്കിറങ്ങിയപ്പോൾ കർഷകർക്ക് നിരവധി പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്.
കൃഷിയാവിശ്യത്തിന് വെള്ളം കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു ആദ്യം കൃഷിക്ക് ഭീഷണി സൃഷ്ടിച്ചതെങ്കിൽ പിന്നീട് കണക്കുകൂട്ടലുകൾ തെറ്റിച്ചെത്തിയ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കമാണ് കൃഷിക്ക് ഭീഷണിയുയർത്തിയത്. പ്രതിസന്ധികൾ ണ്ടായപ്പോൾ മനക്കരുത്തും കൂട്ടായി പ്രതിസന്ധികളെ തരണം ചെയ്തും ഇവയെല്ലാം മറി കടക്കാൻ കർഷകർക്ക് കഴിഞ്ഞു.
സാന്പത്തിക പരാധീനതകൾ ഏല്ലാ വർഷവും കർഷകർക്ക് ഭീഷിണിയാണെങ്കിലും ഇക്കുറി ഇതു അൽപം പരിധി വിട്ടുവെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു. കുലത്തൊഴിൽ പോലെ കാർഷിക വൃത്തി ചെയ്തു വരുന്നതിനാൽ നഷ്ടങ്ങളാണ് മിച്ചമുള്ളതെങ്കിലും കൃഷി ചെയ്യുന്നത് നിർത്താൻ മനസ് വരുന്നില്ലെന്നും ഈ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നവർ പറയുന്നു. ഇക്കുറി കൃഷിയിറക്കിയത് ഏറെ ബുന്ധിമുട്ടുകൾ സഹിച്ചാണ്.
ദിവസങ്ങളോളം വെള്ളം മൂടികിടന്ന പ്രദേശത്തെ പല പാടശേഖരങ്ങളിലും പെട്ടി, പറ, മോട്ടോർ എന്നിവയെല്ലാം നശിച്ചിരുന്നു. ഇവയെല്ലാം പണം മുടക്കി വീണ്ടും ഉപയോഗയോഗ്യമാക്കിയെടുത്താണ് കർഷകർ വീണ്ടും കൃഷിക്കിറങ്ങിയത്. 380 ഏക്കറോളം വരുന്ന മാന്നാർ തെക്കുംപുറം പാടശേഖരത്തിൽ 150 കർഷകരാണ് കൃഷി ചെയ്യുന്നത്. വെള്ളപ്പൊക്കം കനത്ത നാശമുണ്ടാക്കിയ പാടശേഖരങ്ങളാണ് മാന്നാറിലേത്.
സമീപത്തെ 80 ഏക്കറോളം വരുന്ന മാന്നാർ കുറിച്ചിക്കരി പാടശേഖരത്തിലും 50 ഏക്കറോളം വരുന്ന പുത്തൻകരി പാടശേഖരത്തിലും 90 ഏക്കറോളം വരുന്ന മിച്ചഭൂമി പാടശേഖരത്തിലുമെല്ലാം നെൽചെടികൾ വളർന്നു നിൽക്കകുയാണ്. ആയാംകുടി പള്ളിത്താഴെ പാടശേഖരത്തിലും നെൽചെടികൾ തലയുയർത്തി നിൽക്കുന്നത് മനസ് കുളിർക്കുന്ന കാഴ്ച്ചയാണ്. വെള്ളപ്പൊക്കം നാശം വിതച്ച കല്ലറ പഞ്ചായത്തിലാണ് പ്രദേസത്ത് ആദ്യം വിത നടത്തിയത്. പ്രളയത്തെ തുടർന്ന് കല്ലറ പഞ്ചായത്തിൽ 1200 ഓളം ഏക്കറിലെ കൃഷിയാണ് പൂർണമായും നശിച്ചത്.