പത്തനാപുരം: നെല്‍കൃഷിക്ക് വിനയാകുന്ന ചാഴിയെന്ന പ്രാണികളെ തുരത്താന്‍ സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു.നെല്‍കൃഷിക്ക് നാശം ഉണ്ടാക്കുന്ന കീടങ്ങളെ സോളാര്‍ കെണികൊണ്ട് തുരത്തുന്നതാണ് പുതിയ രീതി.
കീടങ്ങളെയും പ്രാണികളെയും തുരത്താന്‍ രാസകീടനാശിനികളാണ് കര്‍ഷകര്‍ പൊതുവെ പാടശേഖരങ്ങളില്‍ തളിച്ചിരുന്നത്. പാടശേഖരങ്ങളില്‍ സോളാര്കെണികള് സ്ഥാപിച്ചതോടെ രാസകീടനാശിനികളുടെ പ്രയോഗം ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
കീടനാശിനികളുടെ പ്രയോഗം കാരണം അന്തരീക്ഷവും മണ്ണും വിളകളും ഒരേപോലെ മലിനപ്പെട്ടിരുന്നു. ഇത് ഒഴിവാക്കാനാണ് കൃഷിവകുപ്പ് പാടശേഖരങ്ങളില്‍ ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചത്. ഇരുപത് വർഷത്തിലധികമായി തരിശു കിടന്ന വിളക്കുടി പഞ്ചായത്തിലെ കൽപാലത്തിങ്കൽ ഏലായിലായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ കെണി സ്ഥാപിച്ചത്.
ഏഴേക്കറോളം വരുന്ന പാടത്ത് ഇളമ്പൽ സർവീസ് സഹകരണ ബാങ്കാണ് കൃഷി ഇറക്കിയിരിക്കുന്നത് .സോളാര്‍ വിളക്ക് നെല്‍കൃഷിക്കാണ് ഏറെ പ്രയോജനപ്പെടുന്നത്. ഒരു സോളാര്‍ പാനല്‍, എല്‍ഇഡി ബള്‍ബ്, വായ്ഭാഗം വലകൊണ്ട് മൂടിയ കപ്പ് എന്നിവ ഘടിപ്പിച്ച സ്റ്റാന്‍ഡ് പാടശേഖരങ്ങളില്‍ ഉറപ്പിക്കുന്നു. സൗരോര്‍ജം ആഗിരണം ചെയ്ത് കെണിയിലെ ബാറ്ററി ചാര്‍ജാവുകയും രാത്രി യില്‍ പാനലിലെ ബള്‍ബ് കത്തുകയും ചെയ്യും.
വെളിച്ചം കണ്ട് സോളാറിലേക്ക് ആകര്‍ഷിക്കുന്ന പ്രാണികള്‍ വലമൂടിയ കപ്പിലേക്ക് വീഴുന്നു. പിന്നീട് ഈ പ്രാണികള്‍ക്ക് വലയില്‍ നിന്നും പുറത്ത് കടക്കാന്‍ സാധിക്കുകയില്ല. ഇങ്ങനെയാണ് സോളാര്‍ വിളക്കുകളുടെ പ്രവര്‍ത്തനം.ജില്ലയില്‍ ആദ്യമായി വിളക്കുടി പഞ്ചായത്തിലാണ് സോളാര്‍ കെണി സ്ഥാപിച്ചിരിക്കുന്നത് . പഞ്ചായത്തിലെ തരിശു കിടക്കുന്ന മറ്റ് സ്ഥലങ്ങളില്‍ നെല്‍കൃഷി ഉള്‍പ്പടെ കൃഷിയിറക്കാന്‍ കൃഷിഭവനും പഞ്ചായത്തും ആലോചിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ സോളാര്‍ കെണികള്‍ സ്ഥാപിച്ചതെന്ന് കൃഷി ഓഫീസര്‍ അനീസ പറഞ്ഞു.