ഒരു കർഷകനായ മകന് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ഓർമ്മ. തെലങ്കാനയില്‍ ഒരു മകന് തന്റെ മാതാപിതാക്കള്‍ക്കായി ഒരുക്കിയ സ്മാരകമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്. 21 വര്‍ഷം മുമ്പ് തനിക്ക് നഷ്ടമായ മാതാപിതാക്കളുടെ രൂപം വയലില്‍ നെല്ച്ചെടികളിലൂടെ സൃഷ്ടിച്ചിരിക്കുകയാണ് ഇദ്ദേഹം.
ഗംഗാറാം ഛിന്നി കൃഷ്ണുഡു എന്നയാളാണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ചിന്തലൂര്‍ ഗ്രാമത്തിലാണ് സംഭവം.
ഏകദേശം ഒരു ഏക്കറോളം വരുന്ന തന്റെ കൃഷിയിടത്തിലാണ് വ്യത്യസ്തങ്ങളായ നെല്‍ച്ചെടികള്‍ ഉപയോഗിച്ച് ഇദ്ദേഹം ഈ ചിത്രം തീര്‍ത്തത്. തന്റെ മാതാപിതാക്കളെ ഓര്‍മിക്കുവാനും ലോകത്തിന് മുന്നില്‍ അവരെ കാട്ടാനുമുള്ള ഒരു വഴിയായാണ് താനിതിനെ ഇതിനെ കാണുന്നതെന്നാണ് ഛിന്നി പറയുന്നത്.
ജാപ്പനീസ് മാതൃകയിലുള്ള കൃഷിരീതിയാണ് ഇതിനായി ഇദ്ദേഹം തെരഞ്ഞെടുത്ത്. വിവിധ നിറമുള്ള മൂന്ന് ഇനം നെല്ലുകള്‍ ഇതിനായി ഉപയോഗിച്ചു.
വയലിന് ചുറ്റും ഇളം പിങ്ക് നിറത്തിലുള്ള അതിര്‍ത്തി സൃഷ്ടിക്കാന്‍ പഞ്ചരത്നം, മാതാപിതാക്കളുടെ മുഖഭാവം അടയാളപ്പെടുത്താന്‍ ഇരുണ്ട റോസ് കളര്‍ ചെടിയായ ബങ്കാരു ഗുലാബി, അതിന് ചുറ്റും ഇളം പച്ചനിറത്തിലുള്ള ചെടിയായ ചിന്താലുരു സന്നാലു എന്നിങ്ങനെയാണ് ഉപയോഗിച്ചത്.
മഹാദേവ് എന്ന സൈന്‍ ബോര്‍ഡ് ചിത്രകാരനെ കണ്ട് അദ്ദേഹത്തെകൊണ്ട് തന്റെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ വരപ്പിക്കുകയാണ് ആദ്യം ചെയ്തത്.
നാലുദിവസം കൊണ്ടാണ് നടീല്‍ പൂര്‍ത്തിയാക്കിയത്. ഒരുമാസത്തിന് ശേഷം അമ്മ ഭൂദേവിയുടെയും പിതാവ് മുട്ടെണ്ണയുടെയും രൂപങ്ങള്‍ തെളിഞ്ഞുതുടങ്ങി.
അദ്ദേഹം ഒരു ഡ്രോണ്‍ വാടകയ്ക്കെടുത്ത് വയലിന്റെ ആകാശക്കാഴ്ചകള്‍ കണ്ടു. ഡ്രോണ്‍ പറക്കുമ്പോള്‍ തലപ്പാവ് ധരിച്ച പിതാവിന്റെയും ബിന്ദിയും ആഭരണങ്ങളുമായി നില്ക്കുന്ന അമ്മയുടെയും രൂപം ദൃശ്യമായി.
ഏതായാലും സ്വന്തം മാതാപിതാക്കള്‍ക്ക് ഒരു മകനൊരുക്കിയ ഈ ഓര്മ നെറ്റീസണ്‍ ലോകത്തിന്റെയും ഹൃദയം കവര്‍ന്നിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വ്യാപകമായി പ്രചരിക്കുകയാണ്.
മാത്രമല്ല രാജ്യത്തെ മിക്ക മാധ്യമങ്ങളും ഈ വയലിന്റെ വിശേഷം തങ്ങളുടെ വായനക്കാരെ അറിയിക്കുകയാണിപ്പോള്‍.