പുതുക്കാട്: ഉഴിഞ്ഞാല്‍പാടത്ത് നെല്‍കൃഷി ചെയ്യാന്‍ എത്തിയ പ്രവാസിക്ക് തൊഴിലാളികളായി ലഭിച്ചത് ബംഗാളികള്‍. നീണ്ട പതിനഞ്ച് വര്‍ഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ പുതുക്കാട് സ്വദേശി ആലപ്പാട്ട് ജരാര്‍ദിന് നെല്‍കൃഷി ഇറക്കാനാണ് പതിനഞ്ചംഗ ബംഗാളി സംഘം ഉഴിഞ്ഞാല്‍ പാടത്തിറങ്ങിയത്.
ജരാര്‍ദ് നെല്‍കൃഷി ചെയ്യാന്‍ പാടം പാട്ടത്തിനെടുത്തപ്പോള്‍ ആദ്യം തന്നെ വിലങ്ങുതടിയായി നിന്നത് നാട്ടിലെ തൊഴിലാളി ക്ഷാമവും അമിതകൂലിയും അധിക ചിലവും ആയിരുന്നു.45 പറ നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതിനായി പാടം ഒരുക്കിയതിനു ശേഷമാണ് കൃഷിയിറക്കാന്‍ പണിക്കാരെ കിട്ടാതായത്.ഒരുപാട് അന്വേഷണത്തിനൊടുവിലാണ് ജരാര്‍ദിന് ബംഗാളികളെ ലഭിച്ചത്.മുതുവറ ഫാര്‍മേഴ്‌സ് സംഘത്തിന്റെ കീഴില്‍ കോള്‍ പടവുകളില്‍ കൃഷി ചെയ്യാന്‍ എത്തിയ 400 ഓളം ബംഗാളികളില്‍ നിന്നുമാണ് പതിനഞ്ച് പേരെ ജരാര്‍ദ് പുതുക്കാട് എത്തിച്ചത്.
പത്ത് പറ നിലം ഞാറ് വലിച്ച് നട്ടുതരുന്നതിന് 4500 രൂപ മാത്രമാണ് ബംഗാളികള്‍ കൂലിയായി വാങ്ങുന്നത്. രണ്ടു ദിവസം കൊണ്ട് 45 പറ കൃഷിയിറക്കിയാണ് ബംഗാളി കര്‍ഷകര്‍ മലയാളികള്‍ക്ക് മാതൃകയായത്.നെല്‍കൃഷിക്ക് പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാരുകള്‍ വാരിക്കോരി നല്‍കുമ്പോഴും പാടത്തിറങ്ങി പണിയെടുക്കാന്‍ മടിക്കുകയാണ് മലയാളികള്‍. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കൂടി നെല്‍കൃഷിക്ക് പ്രാപ്തരാക്കിയാല്‍ തരിശായി കിടക്കുന്ന ആയിരക്കണക്കിന് പാടശേഖരങ്ങളില്‍ കതിരണിയാന്‍ സാധിക്കും.