മുംബൈ: രാജസ്ഥാൻ റോയൽസിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറി ചലഞ്ച്. 52 പന്തിൽ 101 റൺസുമായി പുറത്താകാതെനിന്ന പടിക്കലിന്റെ കരുത്തിൽ ആർസിബി 10 വിക്കറ്റ് ജയം നേടി.
ക്യാപ്റ്റൻ വിരാട് കോഹ്ലി (47 പന്തിൽ 72 നോട്ടൗട്ട്) ദേവ്ദത്തിന് ഉറച്ച പിന്തുണ നൽകി. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 177/9. ബംഗളൂരു 16.3 ഓവറിൽ 181/0. ആർസിബിയുടെ തുടർച്ചയായ നാലാം ജയമാണ്.
നേരിട്ട 27-ാം പന്തിൽ അർധശതകം തികച്ച പടിക്കൽ, 51-ാം പന്തിൽ സെഞ്ചുറിയിലെത്തി. ഇതോടെ 2021 സീസൺ ഐപിഎൽ ട്വന്റി-20യിൽ പിറന്ന രണ്ട് സെഞ്ചുറിയും മലയാളികളുടെ പേരിലായി.
രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു വി. സാംസൺ ആയിരുന്നു സീസണിലെ ആദ്യ സെഞ്ചുറിക്ക് ഉടമ. പടിക്കലിന്റെ സെഞ്ചുറിക്ക് സഞ്ജു സാക്ഷിയായിരുന്നു എന്നതും ശ്രദ്ധേയം.
രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർമാരായ ജോസ് ബട്ലർ (8), മനൻ വോറ (7) എന്നിവർ സ്കോർബോർഡിൽ 16 റണ്‍സുള്ളപ്പോൾ പവലിയനിലെത്തി.
ക്യാപ്റ്റൻ സഞ്ജു വി. സാംസണ് മികച്ച (18 പന്തിൽ 21) അടിത്തറ ഇട്ടെങ്കിലും മോശം ഷോട്ടിലൂടെ വാഷിംഗ്ടണ്‍ സുന്ദറിനു വിക്കറ്റ് സമ്മാനിച്ചു. ഡേവിഡ് മില്ലർ (0) നിരാശപ്പെടുത്തി. ശിവം ദുബെ (32 പന്തിൽ 46), രാഹുൽ തെവാട്യ (23 പന്തിൽ 40) എന്നിവരുടെ ഇന്നിംഗ്സുകളാണ് രാജസ്ഥാനു തുണയായത്.
IPL പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
ബംഗളൂരു 4 4 0 8
ചെന്നൈ 4 3 1 6
ഡൽഹി 4 3 1 6
മുംബൈ 4 2 2 4
ഹൈദരാബാദ് 4 1 3 2
കോൽക്കത്ത 4 1 3 2
പഞ്ചാബ് 4 1 3 2
രാജസ്ഥാൻ 4 1 3 2